ഭര്‍ത്താവിന്റെ തല്ല് കൊള്ളേണ്ടവളാണ് ഭാര്യയെന്ന് ഹൈക്കോടതി ജഡ്ജി!

ബാംഗ്ലൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
വിവാഹമോചനക്കേസ് പരിഗണിക്കുന്ന വേളയില്‍ വിചിത്രമായി നിരീക്ഷണങ്ങള്‍ നടത്തി യുവതിയെ ഉപദേശിക്കാന്‍ ശ്രമിച്ച ജഡ്ജി വിവാദത്തില്‍. കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് കെ ഭക്തവത്സലയാണ് ഭാര്യ ഭര്‍ത്താവിന്റെ തല്ല് കൊള്ളേണ്ടവളാണ് എന്ന നിരീക്ഷണം നടത്തിയത്. ഇദ്ദേഹത്തെ തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്തേക്കും എന്നാണ് റിപ്പോര്‍ട്ട്.

ഭര്‍ത്താവിന്റെ പീഡനം സഹിക്കാവുന്നതിനപ്പുറമാണെന്നും വിവാഹമോചനം വേണം എന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവതിയോടാണ് ‘എല്ലാം സഹിക്കണം‘ എന്ന് ജഡ്ജി ആവശ്യപ്പെട്ടത്.

“ദാമ്പത്യ ജീവിതവും കുട്ടികളുടെ ഭാവിയും ഓര്‍ത്ത് എല്ലാം സഹിക്കാന്‍ തയ്യാറാകണം. ഭാര്യയെ നോക്കുന്ന ഭര്‍ത്താവിന് അവരെ തല്ലാനും ഗാര്‍ഹിക പീഡനത്തിന് വിധേയമാക്കാനും അവകാശമുണ്ട്. വിവാഹജീവിതത്തില്‍ സ്ത്രീകള്‍ അത് സഹിക്കേണ്ടിവരും. ബിസിനസ്സുകാരനായ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ നന്നായി നോക്കുന്നില്ലേ? പിന്നെ എന്തിനാണ് അടിക്കുന്നതിനെക്കുറിച്ച് പരാതി പറയുന്നത്”- ജഡ്ജിയെ ഉദ്ധരിച്ച് ദി ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാസമ്പന്നനായ ജഡ്ജിയുടെ നിരീക്ഷണങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഏറ്റുപിടിച്ചുകഴിഞ്ഞു. ജഡ്ജിയെ നീക്കണം എന്നാവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പെറ്റിഷന്‍ ഇവര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചു. ഒരു കൂട്ടം വനിതാ അഭിഭാഷകരും ചീഫ് ജസ്റ്റിസിന് നിവേദനം അയച്ചിട്ടുണ്ട്.

ഈ ജഡ്ജി മുമ്പും വിവാദത്തിലായിട്ടുണ്ട്. വിവാഹം കഴിക്കാത്ത വനിതാ അഭിഭാഷകര്‍ വിവാഹമോചനക്കേസുകള്‍ വാദിക്കുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടതിനായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ആഴ്ച മംഗലാപുരത്ത് നടന്ന ഒരു പരിപാടിയില്‍ ഇയാള്‍ സ്ത്രീകളുടെ മഹത്വം എടുത്തുകാട്ടി പ്രസംഗിച്ചത് എല്ലാവരിലും അമ്പരപ്പുളവാക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :