ഭരണത്തില്‍ കൈ കടത്തരുത്; പ്രധാനമന്ത്രിക്ക് കെജ്‌രിവാളിന്റെ കത്ത്

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 20 മെയ് 2015 (11:29 IST)
ഭരണത്തില്‍ കൈ കടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കത്തയച്ചു. ഗവര്‍ണറിലൂടെ കേന്ദ്രം ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്ന് കത്തില്‍ ആരോപിക്കുന്നു.

മോഡിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുന്ന കത്തില്‍ ഭരണഘടന അനുശാസിക്കുന്ന വിധം സ്വതന്ത്രമായി ഭരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ചീഫ് സെക്രട്ടറി നിയമനത്തെച്ചൊല്ലി രൂക്ഷമായ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും
രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു. ഇരുവരും തങ്ങളുടെ വാദമുഖങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.

ലഫ്. ഗവര്‍ണര്‍ സ്വന്തം നിലയില്‍ ഭരണം നടത്താന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മറികടന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണെന്നും രാഷ്‌ട്രപതിയെ ബോധിപ്പിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

ഡല്‍ഹിയില്‍ താത്ക്കാലിക ചീഫ് സെക്രട്ടറിയായി ശകുന്തള ഗാംലിനെ ലഫ് ഗവര്‍ണര്‍ നിയമിച്ചതോടെയാണു വിവാദങ്ങള്‍ക്കു തുടക്കമായത്. തുടര്‍ന്നു ശകുന്തള ഗാംലിനെ ചീഫ് സെക്രട്ടറിയായി നിയമിച്ച് ഉത്തരവിറക്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അരവിന്ദ് കെജ്‌രിവാള്‍ പുറത്താക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :