ഫൈലിന്റെ വേഗത കുറഞ്ഞു; കനത്ത മഴ തുടരുന്നു

ഭുവനേശ്വര്‍| WEBDUNIA|
PRO
PRO
ആന്ധ്ര- ഒഡീഷ തീരത്ത് ആഞ്ഞടിച്ച ഫൈലിന്റെ വേഗത കുറഞ്ഞു. കാറ്റിന്റെ വേഗത ഉച്ചയോടെ 80 കിലോമീറ്ററാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിരുന്നു. കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ചുഴലിക്കാറ്റില്‍ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ദുരന്തനിവാരണസേന വ്യക്തമാക്കി. എന്നാല്‍ ഫൈലില്‍ തീരം തൊട്ടതിനുശേഷം ഒഡീഷയില്‍ രണ്ട് പേര്‍ മരിച്ചതായി ക്യാബിനറ്റ് സെക്രട്ടറി അജിത് സിങ്ങ് വ്യക്തമാക്കി. ഫൈലിന്‍ തീരം തൊടുന്നതിന് മുമ്പ് ഇന്നലെ ഒഡീഷയില്‍ അഞ്ചുപേരും ആന്ധ്രയില്‍ രണ്ടുപേരും മരണമടഞ്ഞിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് മരങ്ങള്‍ കട പുഴകിയതാണ് മരണകാരണം.

അടുത്ത ആറുമണിക്കൂറിനുള്ളില്‍ കാറ്റിന്‍റെ വേഗതയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന സൂചന. അതേസമയം ആന്ധ്രയിലും ഒഡീഷയിലും അടുത്ത 24 മണിക്കൂര്‍ കനത്ത മഴ തുടരും. മഴ തുടരുന്നതിനാല്‍ ആന്ധ്രയിലേയും ഒഡീഷയിലേയും വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് ആന്ധ്രയിലെ ഗഞ്ചം, പുരി ജില്ലകളിലാണ്. ഗഞ്ചം ജില്ലയില്‍ രണ്ടുപേര്‍ മരിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു.

ഗോപാല്‍പുരത്തും പാരദ്വീപിലും നല്‍കിയിരുന്ന അതീവ ജാഗ്രത നിര്‍ദ്ദേശമായ സിഗ്നല്‍ പത്ത് കാറ്റിന്‍റെ വേഗം കുറഞ്ഞതിനെത്തുടര്‍ന്ന് പിന്‍വലിച്ചിട്ടുണ്ട്. ഗോപാല്‍പുരത്താണ് കാറ്റ് ഏറ്റവും ശക്തമായി വീശിയത്. ആന്ധ്രയിലും ഒഡീഷയിലുമായി 850ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ആന്ധ്രയില്‍ 5 ലക്ഷം പേരെയും ഒഡീഷയില്‍ 2 ലക്ഷം പേരെയുമാണ് മാറ്റിപാര്‍പ്പിച്ചത്. കനത്ത മഴയിലും കാറ്റിലും തകര്‍ന്ന വൈദ്യൂത, വാര്‍ത്ത വിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള​ ശ്രമം തുടരുകയാണ്. കാറ്റിന് ശമനമുണ്ടായതോടെ രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇരുസംസ്ഥാനങ്ങള്‍ ഇന്നും ഇരുട്ടിലാകും.

56 ട്രെയിനുകളും ഏഴ് വിമാനങ്ങളും റദ്ദാക്കി. കേരളത്തിന് ജാഗ്രത നിര്‍ദ്ദേശം നല്‍കി. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബീഹാറില്‍ കനത്ത വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഫൈലില്‍ ചുഴലിക്കാറ്റിനെക്കുറിച്ച് സൂചന ലഭിച്ചപ്പോള്‍തന്നെ ചെയ്ത മുന്‍കരുതലുകളാണ് അപകടങ്ങളുടെ തോത് കുറച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :