ഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (15:22 IST)
പന്നിപ്പനി ലോകരാജ്യങ്ങളിലെങ്ങും പടരുന്നത് കണക്കിലെടുത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ആദ്യ നടപടിയായി പ്രധാന വിമാനത്താവളങ്ങളിലെല്ലാം പന്നിപ്പനി പരിശോധിക്കുന്ന സെന്‍ററുകള്‍ ആരംഭിക്കും. കൊച്ചിയടക്കം രാജ്യത്തെ ഒന്‍പത് വിമാനത്താവളങ്ങളിലാണ് പന്നിപ്പനി പരിശോധിക്കുന്ന കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നത്. അമേരിക്ക, കാനഡ, ബ്രിട്ടണ്‍ തുടങ്ങി പന്നിപ്പനി ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് പ്രസ്താവിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ നിലവില്‍ വരും.
ജലദോഷവും പനിയും പോലുള്ള രോഗങ്ങളുമായി എത്തുന്നവരെ പന്നിപ്പനിയുണ്ടോ എന്നറിയാന്‍ പരിശോധിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പന്നിപ്പനിക്കെതിരെ ഉപയോഗിക്കാനുള്ള ഒസള്‍ട്ടാമിവിര്‍ എന്ന ആന്‍റി - വൈറസ് മരുന്നിന്‍റെ വേണ്ടത്ര സ്റ്റോക്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഇതിനിടെ, എല്ലാ പ്രധാന നഗരങ്ങളിലെയും ആശുപത്രികളില്‍ പന്നിപ്പനി ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ ഡയറക്‌ടര്‍ ജനറല്‍ വിശ്വമോഹന്‍ കടോച്ച് പറഞ്ഞു.
മെക്സിക്കോയില്‍ ഉത്ഭവിച്ചുവെന്ന് കരുതപ്പെടുന്ന പന്നിപ്പനി കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മെക്സിക്കോയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 2000 കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ മെക്സിക്കോയില്‍ മാത്രം 159 പേര്‍ മരിച്ചിട്ടുണ്ട്. യുഎസ്, ന്യൂസിലന്‍ഡ്, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ പന്നിപ്പനിയുമായി ആളുകള്‍ ആശുപത്രികളില്‍ എത്തിയിട്ടുണ്ട്. പന്നിപ്പനിയുടെ ഭീകര താണ്ഡവത്തിനെതിരെ ലോകാരോഗ്യ സംഘടന ‘ആഗോള അടിയന്തിരാവസ്ഥ’ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഗോവയില്‍ എത്തിയിട്ടുള്ള വിദേശ ടൂറിസ്റ്റുകളില്‍ ചിലര്‍ക്ക് പന്നിപ്പനിയുണ്ടെന്ന് അഭ്യൂഹം പരക്കുന്നുണ്ട്. ഇവിടെ നൂറുകണക്കിന് പന്നികള്‍ ചത്തൊടുങ്ങിയതായും അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ ഗോവന്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. ഒരു പന്നി പോലും രോഗം മൂലം ചത്തിട്ടില്ലെന്നും ഗോവയില്‍ വന്നിറങ്ങിയിട്ടുള്ള എല്ലാ ടൂറിസ്റ്റുകളെയും പരിശോധിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പിറക്കിയിരിക്കുകയാണ്. ഗോവയിലെ ഡാബോളിം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ ഇന്നുമുതല്‍ പന്നിപ്പനി ഉണ്ടോയെന്നറിയാന്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പന്നികളില്‍ നിന്നാണ് പന്നിപ്പനി മനുഷ്യര്‍ക്ക് പകരുന്നത്. സ്വൈന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ് രോഗകാരി. ജലദോഷം, തുള്ളല്‍ പനി, തൊണ്ട വേദന, പേശി വേദന, കടുത്ത തലവേദന, ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, ക്ഷീണം, അസ്വസ്ഥത എന്നിവയാണ് പന്നിപ്പനിയുടെ പൊതുവായ ലക്ഷണങ്ങള്‍. സാധാരണ സാഹചര്യത്തില്‍ പത്ത് മുതല്‍ 15 ദിവസത്തിനുള്ളില്‍ രോഗം മാറും. എന്നാല്‍, സവിശേഷ സാഹചര്യങ്ങളില്‍ മരണം സംഭവിക്കാനും സാധ്യതയുണ്ട്. രോഗം ബാധിച്ചവരില്‍ നിന്ന് അടുത്ത് ഇടപഴകുന്ന ആരോഗ്യമുള്ളവരിലേക്ക് സ്വൈന്‍ ഇന്‍ഫ്ലുവന്‍സ വൈറസ് പകരും.