നിയമസഭാ തെരഞ്ഞെടുപ്പ്: മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപിക്കെന്ന് സര്‍വേ റിപ്പോര്‍ട്ട്

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. നാലില്‍ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ- സി വോട്ടര്‍ സര്‍വേ ഫലം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്നു വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പാണ് ഇത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്തുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് അധികാരം പിടിച്ചെടുക്കും. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഡല്‍ഹിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചേക്കില്ല. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങളിലെ 39,000 വോട്ടര്‍മാരാണ് സര്‍വെയില്‍ പങ്കെടുത്തത്.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി നേതൃസ്ഥാനത്തേക്ക് വന്നതാണ് ബിജെപിക്ക് മുന്‍തൂക്കം വരാന്‍ കാരണം. ഡല്‍ഹിയിലും ബിജെപി തന്നെയായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. 30 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 29 സീറ്റുകളുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. തൂക്കു നിയമസഭയായിരിക്കും ഫലത്തില്‍.

ഷീലാ ദീക്ഷിത്തിനെ അധികാരത്തില്‍ നിന്നിറക്കാന്‍ രംഗത്തിറങ്ങിയ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടയും സാന്നിധ്യം അറിയിക്കും. ഡല്‍ഹിയിലെ 70 സീറ്റുകളില്‍ ഏഴ് സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുക്കുമെന്നാണ് സര്‍വെ റിപ്പോര്‍ട്ട്. ഫലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണയില്ലാതെ കോണ്‍ഗ്രസിനോ ബിജെപിക്കോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ല. ബിഎസ്പിയും സ്വതന്ത്രരും രണ്ട് വീതം സീറ്റുകള്‍ വീതം നേടിയെക്കുമെന്നും സൂചനയുണ്ട്.

രാജസ്ഥാനില്‍ ആകെയുള്ള 200 സീറ്റില്‍ കോണ്‍ഗ്രസ് 64 വരെയും ബിജെപി 118 വരെയും ബിഎസ്പി മൂന്നു വരെയും മറ്റുള്ളവര്‍ 15 വരെയും സീറ്റുകള്‍ നേടിയേക്കും. ആം ആദ്മി പാര്‍ട്ടി അക്കൗണ്ട് തുറക്കില്ല. മധ്യപ്രദേശിലെ 230 സീറ്റില്‍ ബിജെപി 130 വരെയും കോണ്‍ഗ്രസ് 84 വരെയും ബിഎസ്പി അഞ്ചും മറ്റുള്ളവര്‍ 11 വരെയും സീറ്റുകള്‍ നേടിയേക്കുമെന്നും സര്‍വെയില്‍ പറയുന്നു. ഛത്തീസ്ഗഡില്‍ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നാണ് സര്‍വെ. 90 സീറ്റുകളില്‍ 47 എണ്ണം ബിജെപി നേടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :