നാഷണല്‍ കോണ്‍‌ഫറന്‍സിന്‍റെ പിന്തുണ വേണ്ട: പി ഡി പി

എന്‍ സി, പി ഡി പി, കശ്മീര്‍, അമിത് ഷാ, മോഡി
ശ്രീനഗര്‍| Last Updated: വെള്ളി, 26 ഡിസം‌ബര്‍ 2014 (21:46 IST)
ജമ്മു കശ്‌മീരില്‍ നാഷണല്‍ കോണ്‍‌ഫറന്‍സിന്‍റെ പിന്തുണ വേണ്ടെന്ന് പി ഡി പി. പിന്തുണ നല്‍കാമെന്ന് രേഖാമൂലം എന്‍ സി അറിയിച്ചെങ്കിലും അത് തള്ളിക്കൊണ്ട് പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയിദ് നിലപാട് പ്രഖ്യാപിക്കുകയായിരുന്നു. ആദ്യം ബി ജെ പിക്ക് പിന്തുണ നല്‍കാമെന്ന് എന്‍ സി അറിയിച്ചിരുന്നെങ്കിലും അതില്‍ നിന്ന് മലക്കം മറിഞ്ഞാണ് പിന്നീട് പി ഡി പിക്ക് പിന്തുണ അറിയിച്ചത്.

അതേസമയം, പി ഡി പിയുമായി ബി ജെ പി നേതാക്കള്‍ ചര്‍ച്ച സജീവമാക്കിയിട്ടുണ്ട്. പിന്തുണ വാഗ്‌ദാനം പി ഡി പി തള്ളിയത് എന്‍ സിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 15 അംഗങ്ങളാണ് എന്‍ സിക്ക് ഉള്ളത്. പി ഡി പിക്ക് 28 എം എല്‍ എമാരുണ്ട്.

കശ്മീരില്‍ എങ്ങനെയും സര്‍ക്കാര്‍ രൂപീകരിക്കണമെന്നുള്ള നിലപാടുമായാണ് അമിത് ഷായുടെ നേതൃത്വത്തില്‍ ബി ജെ പി നീക്കം നടത്തുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പി ഡി പിക്ക് പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് നേരത്തേ അറിയിച്ചിരുന്നു.

ബി ജെ പി - പി ഡി പി സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ അധികാരത്തില്‍ വരുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ശനിയാഴ്ച തീരുമാനം അറിയിക്കുമെന്ന് ഇരുപാര്‍ട്ടികളും ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.

ഒമര്‍ അബ്‌ദുള്ളയും അമിത് ഷായും തമ്മില്‍ ചര്‍ച്ച നടത്തിയതായി ചില വാര്‍ത്തകള്‍ നേരത്തേ പ്രചരിച്ചിരുന്നു. എന്നാല്‍ ബി ജെ പി ബാന്ധവത്തിന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് എതിര്‍പ്പുണ്ടായതോടെയാണ് പി ഡി പിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ ഒമറിനെ എത്തിച്ചതെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :