തൊഗാഡിയയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കമ്മീഷണര്‍

ബംഗളൂരു| Joys Joy| Last Modified ഞായര്‍, 8 ഫെബ്രുവരി 2015 (10:50 IST)
ബംഗളൂരുവില്‍ നടക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡി. പ്രകോപനപരമായി പ്രസംഗം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രവീണ്‍ തൊഗാഡിയ ബംഗളൂരുവില്‍ പ്രവേശിക്കുന്നത് പൊലീസ് വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തൊഗാഡിയയുടെ പ്രസംഗം വീഡിയോ കോണ്‍ഫറന്‍സ് വഴി തത്സമയം പ്രക്ഷേപണം ചെയ്യാന്‍ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചത്.

വിശ്വഹിന്ദു പരിഷത്ത് സുവര്‍ണജയന്തിയോട് അനുബന്ധിച്ച് ഞയറാഴ്ച വൈകുന്നേരമാണ് ബംഗളൂരുവില്‍ വിരാട് ഹിന്ദു സമാജോത്സവ് നടക്കുന്നത്. എന്നാല്‍, പ്രവേശനം വിലക്കിയ നേതാവിന്റെ പ്രസംഗം പ്രക്ഷേപണം ചെയ്യുന്നതും കുറ്റകരമാണെന്ന നിലപാടാണ് ബംഗളൂരു പൊലീസിന്റേത്.

സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതും പ്രസംഗം പ്രക്ഷേപണം ചെയ്യുന്നതും ഒരേ കുറ്റമാണെന്ന നിലപാടിലാണ് പൊലീസ്. പ്രക്ഷേപണം ചെയ്താല്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി അഞ്ച് മുതല്‍ പതിനൊന്ന് വരെയാണ് തൊഗാഡിയയ്ക്ക് പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :