ക്രമസമാധനപ്രശ്നം ഉണ്ടാക്കുന്നു; തൊഗാഡിയയ്ക്ക് ബംഗളൂരുവില്‍ വിലക്ക്

ബംഗളൂരു| Joys Joy| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (08:55 IST)
വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് ബംഗളൂരുവില്‍ വിലക്ക്. തൊഗാഡിയയുടെ പ്രസംഗം ക്രമസമാധാനപ്രശ്നം ഉണ്ടാക്കുമെന്നതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെയാണ് തൊഗാഡിയയ്ക്ക് ബംഗളൂരുവില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സിറ്റി പൊലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡിയാണ് നഗരത്തില്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തൊഗാഡിയയുടെ മുന്‍കാല പ്രസംഗങ്ങള്‍ ക്രമസമാധാനനില തകര്‍ത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ . വിദ്വേഷപ്രസംഗത്തിന് 12ലധികം സംസ്ഥാനങ്ങളില്‍ നിന്നായി 19ഓളം കേസുകള്‍ തൊഗാഡിയയുടെ പേരിലുണ്ട്. ഈ സാഹചര്യത്തിലാണ് തൊഗാഡിയയെ ബംഗളൂരുവില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.

ഫെബ്രുവരി എട്ടിന് ബംഗളൂരുവില്‍ നടക്കുന്ന വിശ്വഹിന്ദു സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രവീണ്‍ തൊഗാഡിയ നഗരത്തിലെത്തുന്നത്.അതേസമയം, കര്‍ണാടക പൊലിസിന്റെ ഈ തീരുമാനം ജനാധിപത്യവിരുദ്ധമാണെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കള്‍ പ്രതികരിച്ചു.

കര്‍ണാടകയിലെ ഹിന്ദു വിരുദ്ധ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്നും നീതി ലഭിക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും വി എച്ച് പി നേതാക്കള്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :