ന്യൂഡല്‍ഹി|
ജോയ്‌സ് ജോയ്|
Last Updated:
ചൊവ്വ, 10 ഫെബ്രുവരി 2015 (20:10 IST)
ഭൂരിപക്ഷമില്ല എന്നു പറഞ്ഞ് ഇനി ഭരണം പാതിവഴിയില്‍ ഉപേക്ഷിച്ച് പോകരുത് എന്നാണ് തെരഞ്ഞെടുപ്പു ഫലത്തിലൂടെ ഡല്‍ഹിജനത അരവിന്ദ് കെജ്‌രിവാളിനോട് പറഞ്ഞത്. അഭിപ്രായ സര്‍വ്വേകളും എക്സിറ്റ് പോളുകളും പ്രവചിച്ചതില്‍ കൂടുതല്‍ സീറ്റ്. എന്തിന്, ആം ആദ്മി പാര്‍ട്ടി പോലും 51 സീറ്റാണ് ഡല്‍ഹിയില്‍ പ്രതീക്ഷിച്ചത്. അതും കവിഞ്ഞുള്ള ഒരു വിജയമാണ് ഡല്‍ഹി ജനത സാധാരണക്കാരന്റെ പാര്‍ട്ടിക്ക് നല്കിയത്. ആകെയുള്ള 70 സീറ്റുകളില്‍ 67 സീറ്റുകള്‍ ‘ചൂലു’കൊണ്ട് തൂത്തുവാരിയാണ് എ എ പി വിജയിച്ചത്.
എന്തുകൊണ്ട് എ എ പി വിജയിച്ചു എന്നത് ചിന്ത്യമാണ്. കാരണം, ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആം ആദ്‌മി പാര്‍ട്ടിയേക്കാള്‍ ഒരുപടി മുന്നിലായിരുന്നു ബി ജെ പി. ഒന്നാമത്തേത് കേന്ദ്രത്തില്‍ ഭരിക്കുന്നത് ബി ജെ പി എന്നത്. പിന്നെയുള്ളത്, അധികാരം ലഭിച്ചിട്ടും പാതിവഴിയില്‍ അധികാരം ഉപേക്ഷിച്ചു പോയവരാണ് ആം ആദ്‌മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളും എന്നതും. പക്ഷേ, പയ്യെപ്പയ്യെ അധികാരത്തിലേക്കുള്ള യാത്രയില്‍ ആം ആദ്മി പാര്‍ട്ടി ഓരോ ലക്‌ഷ്യവും കിറു കൃത്യമായി എയ്‌തുവീഴ്ത്തി.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കിരണ്‍ ബേദിയെ കെട്ടിയിറക്കിയപ്പോള്‍ പരാജയത്തിന്റെ ശവപ്പെട്ടിയില്‍ ബി ജെ പി ആദ്യത്തെ ആണിയടിച്ചു. ഡല്‍ഹിയിലെ മരവിപ്പിക്കുന്ന തണുപ്പില്‍ ജനങ്ങള്‍ക്കിടയിലേക്ക് വോട്ടു തേടിയും, അധികാരം വിട്ടെറിഞ്ഞു പോന്നതിന് ക്ഷമാപണം നടത്തിയും കെജ്‌രിവാള്‍ മഫ്‌ളര്‍ മാന്‍ ആയി എത്തി. എന്നാല്‍, പത്തുലക്ഷത്തിന്റെ കോട്ടില്‍ സ്വന്തം പേര് തുന്നിച്ചേര്‍ത്തപ്പോള്‍ സാധാരണക്കാരന്റെ മനസ്സില്‍ തന്റെയും പാര്‍ട്ടിയുടെയും പേര് പതിപ്പിക്കാന്‍ മോഡിയും കൂട്ടരും മറന്നു. ആയിരങ്ങളെ അണിനിരത്തി ബി ജെ പി ഡല്‍ഹിയില്‍ നടത്തിയ റോഡ്‌ഷോകളില്‍ ആളുകള്‍ നിരന്നെങ്കിലും അവയൊന്നും ആളുകളെ ആകര്‍ഷിച്ചില്ല എന്നു തന്നെ പറയണം. റാലികളില്‍ വന്നുപോയ നരേന്ദ്ര മോഡിയോടും ഡല്‍ഹിയിലെ ജനാധിപത്യവിശ്വാസികളായ ജനത പുറംതിരിഞ്ഞു തന്നെ നിന്നു എന്നു വേണം കരുതാന്‍.
ഉള്ളതു പറഞ്ഞാല്‍ കൈയില്‍ കിട്ടിയ ഭരണം 49 ദിവസം കഴിഞ്ഞ് പാതിവഴിയില്‍ ഉപേക്ഷിച്ച് പോയപ്പോള്‍ ഡല്‍ഹിക്കാര്‍ക്ക് ഒന്നു കലിച്ചതാ. പക്ഷേ, ചേരികളില്‍ ഉള്‍പ്പെടെയുള്ള ഡല്‍ഹിയിലെ സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അതിനു മാപ്പു ചോദിക്കാന്‍ കെജ്‌രിവാള്‍ തീരുമാനിച്ചപ്പോള്‍ ജനം വിധിയും തീരുമാനിച്ചു. കെജ്‌രിവാളിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചു ചിലരൊക്കെ പാര്‍ട്ടി വിട്ടത് പാര്‍ട്ടിക്ക് ഗുണം ചെയ്തു എന്നാണ് തെരഞ്ഞെടുപ്പുഫലം കാണുമ്പോള്‍ തോന്നുന്നത്. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ഒരു ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടത് ഇങ്ങനെ ആയിരുന്നു, 49 ദിവസം കഴിഞ്ഞപ്പോള്‍ ഭരണം ഉപേക്ഷിച്ച ആം ആദ്‌മി പാര്‍ട്ടിയെ കുറ്റപ്പെടുത്തിയായിരുന്നു ബി ജെ പിയുടെ പ്രചാരണം. എന്നാല്‍, ഇതു കേട്ടപ്പോള്‍ ഡല്‍ഹിക്കാര്‍ക്ക് മനസ്സിലായത്രേ ആറുമാസം കേന്ദ്രസര്‍ക്കാര്‍ ഭരിച്ച ബി ജെ പിയേക്കാള്‍ നല്ലത് 49 ദിവസം ഡല്‍ഹി ഭരിച്ച ആം ആദ്‌മി പാര്‍ട്ടിയാണെന്ന്. ഇതില്‍ കുറച്ച്, സത്യമില്ലാതെയുമില്ല. അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായിരുന്ന ആ 49 ദിവസം ഡല്‍ഹിയിലെ സാധാരണക്കാരന് ആര്‍ക്കും കൈക്കൂലി കൊടുക്കേണ്ട അവസ്ഥ ഉണ്ടായില്ല.
കൂടാതെ, കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കിടയില്‍ ഡല്‍ഹിയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് എതിരെ നടന്ന അക്രമങ്ങളും ബി ജെ പിക്ക് പ്രതികൂലമായി. തുടര്‍ച്ചയായുണ്ടായ അക്രമസംഭവങ്ങളില്‍ ആവശ്യമായ നടപടി സ്വീകരിക്കാതിരുന്നതും ഇക്കാര്യത്തില്‍ മോഡി മൌനം പാലിച്ചതും ന്യൂനപക്ഷങ്ങളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഡല്‍ഹിയിലെ ആകെയുള്ള ജനസംഖ്യയുടെ ഒന്ന് - രണ്ട് ശതമാനമാണ് ക്രൈസ്തവര്‍. എന്നാല്‍ ഒരിക്കല്‍ പോലും വര്‍ഗ്ഗീയമായ ഒരു ധ്രുവീകരണം ഡല്‍ഹിയില്‍ ഉണ്ടായിയെന്ന് പറയാന്‍ പറ്റില്ല. മതത്തിനേക്കാള്‍ മതേതരത്വത്തിന് പ്രാധാന്യം നല്കിയ നിലപാടാണ് ഡല്‍ഹി ജനത സ്വീകരിച്ചതെന്ന് തെരഞ്ഞെടുപ്പുഫലത്തില്‍ നിന്ന് വ്യക്തം. ഡല്‍ഹിയിലെ മുസ്ലിം സമൂഹവും ആം ആദ്‌മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബി ജെ പി പ്രതിസന്ധിയിലായി. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പു മാത്രമാണ് ഡല്‍ഹിയിലെ ജമാ മസ്ജിദ് ഇമാം ആം ആദ്‌മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ആ പിന്തുണ കെജ്‌രിവാള്‍ വേണ്ടെ എന്നു വെച്ചത് തികച്ചും വര്‍ഗ്ഗീയമായിട്ട് ആയിരുന്നു എന്ന ആരോപണം ഉയരുന്നുണ്ടെങ്കിലും ഈ വിജയം ആരോപണങ്ങളെയെല്ലാം കഴുകി കളയുന്നു.
പതിനഞ്ചുവര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ഒരു സീറ്റു പോലും നേടാതെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. മിക്ക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. നേതൃത്വം ശക്തമല്ലാത്തതും അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസിന് തിരിച്ചടിയായി. ബി ജെ പിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അവസ്ഥ വന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി എന്ന ജനകീയബദലിനെ ഡല്‍ഹി ഇരുകൈയും നീട്ടി സ്വീകരിച്ചു. ഭൂരിപക്ഷമില്ലാത്തതിന്റെ പേരില്‍ ഇനി പാതിവഴിക്ക് ഭരണം ഉപേക്ഷിച്ച് പോകാന്‍ കഴിയില്ല, കാരണം എഴുപതില്‍ 67 സീറ്റ് നല്കിയാണ് യമുനാതീരത്തെ ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് ഡല്‍ഹി ജനത ആം ആദ്‌മി പാര്‍ട്ടിയെ ക്ഷണിച്ചത്.
ബി ജെ പിയുടെ കാര്യത്തില്‍ ജയിച്ചാല്‍ മോഡി തോറ്റാല്‍ ബേഡി എന്ന നയമാണ് ഡല്‍ഹിയില്‍ നടപ്പാക്കിയത്. എന്നാല്‍, തോല്‍വി തന്റെ മാത്രം കുറ്റമല്ലെന്ന് കിരണ്‍ ബേദി വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്. ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന അവസ്ഥയിലാണ് കിരണ്‍ ബേദി. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളില്‍ ബി ജെ പി വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ കിരണ്‍ ബേദി ദയനീയമായി പരാജയപ്പെട്ടത്. കെട്ടിയിറക്കിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എത്ര കൊമ്പത്തു നിന്നായാലും ജനാധിപത്യത്തിന്റെ കോടതിയില്‍ ക്രൂരമായ വിചാരണയ്ക്ക് തന്നെ വിധേയയാകേണ്ടി വരും എന്ന് വ്യക്തമാക്കുന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം. ചുരുക്കത്തില്‍ കോണ്‍ഗ്രസിന്റെ നഷ്‌ടം ആം ആദ്‌മി പാര്‍ട്ടിക്ക് നേട്ടമായി. ഇടതുപക്ഷം ശക്തമല്ലാത്തതു കൊണ്ട് ആ സ്പേസ് ആം ആദ്‌മിക്ക് കിട്ടി. ബി ജെ പി വിരുദ്ധ വികാരം ശക്തമായപ്പോള്‍ സാധാരണക്കാരന്‍ ഡല്‍ഹിയില്‍ സുഖമായി ജയിച്ചു.