ഞാന്‍ ജീവനോടെയിരിക്കുന്നത് എന്‍റെ തെറ്റാണോ? എന്‍റെ പ്രവര്‍ത്തിയില്‍ തെറ്റുണ്ടെങ്കില്‍ തൂക്കിലേറ്റൂ - ഗുര്‍ദാസ്പൂര്‍ എസ്പി

Pathankot, SP, Salvinder Singh, Police, Pakistan, പത്താന്‍‌കോട്ട്, സല്‍‌വീന്ദര്‍ സിംഗ്, ഭീകരര്‍, പാകിസ്ഥാന്‍, മൊഴി, എസ് പി, പൊലീസ്
പത്താന്‍കോട്ട്| Last Modified ചൊവ്വ, 5 ജനുവരി 2016 (14:45 IST)
പത്താന്‍‌കോട്ട് വ്യോമസേനാ താവളം ആക്രമിക്കാന്‍ ഭീകരര്‍ എത്തിയത് തന്‍റെ ഔദ്യോഗിക വാഹനം തട്ടിയെടുത്താണെന്ന് മൊഴി നല്‍കിയ ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിംഗും സംശയത്തിന്‍റെ നിഴലില്‍. സല്‍വീന്ദറിന്‍റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതാണ് അന്വേഷണോദ്യോഗസ്ഥരെ കുഴക്കുന്നത്. യൂണിഫോം ധരിക്കാതെ ഔദ്യോഗികവാഹനത്തില്‍ ഇന്ത്യ - പാക് അതിര്‍ത്തിയിലൂടെ എസ് പി സഞ്ചരിച്ചതെന്തിന് എന്ന ചോദ്യം നിലനില്‍ക്കുകയാണ്. ഇതിന് വ്യക്തമായ ഒരുത്തരം നല്‍കാന്‍ സല്‍വീന്ദറിന് കഴിയുന്നില്ല.

തന്നെ തട്ടിക്കൊണ്ടുപോയി വനത്തിലുപേക്ഷിച്ച ശേഷം ഭീകരര്‍ വാഹനവുമായി കടന്നുകളയുകയായിരുന്നു എന്നാണ് എസ് പി പറയുന്നത്. ഭീകരര്‍ അവിടെ വരെയെത്താന്‍ ഉപയോഗിച്ച വാഹനവും അവര്‍ തട്ടിയെടുത്തതുതന്നെയായിരുന്നു. അതിന്‍റെ ഡ്രൈവറെ കൊലപ്പെടുത്തിയാണ് അ വാഹനം സ്വന്തമാക്കിയത്. എസ് പിയുടെ കാര്യത്തില്‍ മാത്രം അങ്ങനെ ഒരു കൃത്യത്തിന് ഭീകരര്‍ മുതിരാതിരുന്നതെന്ത് എന്ന ചോദ്യത്തിന് എസ് പി നല്‍കുന്ന മറുപടി ഇതാണ്:

“ഞാന്‍ ജീവനോടെയിരിക്കുന്നത് എന്‍റെ തെറ്റാണോ? എന്‍റെ പ്രവര്‍ത്തിയില്‍ തെറ്റുണ്ടെങ്കില്‍ തൂക്കിലേറ്റൂ”
- സല്‍വീന്ദര്‍ സിംഗ് പറയുന്നു. പത്താന്‍കോട്ടുള്ള ഒരു ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം ഗുര്‍ദാസ്പൂരിലേക്ക് വരവേയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് എസ് പിയുടെ മൊഴി. കണ്ണുകള്‍ കെട്ടിയിരുന്നതിനാല്‍ സംഘത്തില്‍ എത്രപേരുണ്ടായിരുന്നതായി വ്യക്തമായില്ലെന്നും എസ് പി പറയുന്നു.

താന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് ഭീകരര്‍ അറിഞ്ഞില്ലെന്നും സാധാരണക്കാരനാണെന്ന് കരുതിയാകാം കൊലപ്പെടുത്താതെ വിട്ടതെന്നും എസ് പി പറയുന്നുണ്ട്. എന്നാല്‍ എസ് പിയെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തയ്യാറായിട്ടില്ല. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :