ജ്യോതിബസുവിന്‍റെ നിലയില്‍ നേരിയ പുരോഗതി

കൊല്‍ക്കത്ത| WEBDUNIA| Last Modified വ്യാഴം, 7 ജനുവരി 2010 (10:29 IST)
PRO
PRO
മുതിര്‍ന്ന സി പി എം നേതാവ് ജ്യോതിബസുവിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ബസുവിന്‍റെ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമായിട്ടുണ്ടെന്നും മരുന്നുകളോട് ശരീരം പ്രതികരിക്കാന്‍ തുടങ്ങിയതിന്‍റെ സൂചനയാണിതെന്നും ആശുപത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്കു മാറ്റിയിരുന്നു. ഡോക്‌ടര്‍മാരുടെ പ്രത്യേക സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ബസു ഇപ്പോള്‍. ഈ മാസം ഒന്നാം തീയതിയാണ് കഠിനമായ ശ്വാസതടസത്തെ തുടര്‍ന്ന് ജ്യോതിബസുവിനെ കൊല്‍ക്കത്തയിലെ ആമ്‌റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെ വൈകുന്നേരം ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ശ്വാസകോശത്തിലെ അണുബാധ നിയന്ത്രിക്കാനായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നേരിയ പുരോഗതി ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ രാവിലെ വ്യക്തമാക്കിയിരിക്കുന്നത്. രാവിലെ ചേരുന്ന ഡോക്‌ടര്‍മാരുടെ പ്രത്യേക യോഗത്തിനു ശേഷം 11 മണിയോടെ അടുത്ത മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും.

അതേസമയം പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്‌ ഇന്ന്‌ ഉച്ചയോടെ ബസുവിനെ സന്ദര്‍ശിക്കാന്‍ കൊല്‍ക്കത്തയിലെത്തും. സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും പൊളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യച്ചൂരിയും ഇന്ന്‌ കൊല്‍ക്കത്തയിലെത്തുന്നുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :