ലാവ്‌ലിനെ രാഷ്‌ട്രീയമായി നേരിടും: കാരാ‍ട്ട്

PROPRO
എസ് എന്‍ സി ലാവ്‌ലിനെ കേസിനെ രാഷ്‌ട്രീയമായും നിയമപരമായും പാര്‍ട്ടി നേരിടുമെന്ന് സി പി എം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നവകേരളമാര്‍ച്ചിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് നവകേരളയാത്രയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

നവകേരളയാത്രയ്ക്ക് നേതൃത്വം നല്‍കിയ പിണറായി വിജയനെയും ജാഥ അംഗങ്ങളെയും അഭിനന്ദിച്ചു കൊണ്ടായിരുന്നു കാരാട്ട് പ്രസംഗം ആരംഭിച്ചത്. അവസാന നിമിഷം വരെ സസ്‌പെന്‍സ് സൃഷ്‌ടിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സമാപന സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.

ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിക്ക് ഒറ്റ അഭിപ്രായമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു കാരാട്ടിന്‍റെ പ്രസംഗം. ലാവ്‌ലിന്‍ കേസ് നിയമപരമായും രാഷ്‌ടീയമായും നേരിടും. ഒടുവില്‍ സത്യം പുറത്തു വരും.

സി ബി ഐ ഒരു അന്വേഷണ ഏജന്‍സിയാണ്. കോണ്‍ഗ്രസ് തങ്ങളുടെ രാഷ്‌ട്രീയ സങ്കുചിത താ‍ല്പര്യങ്ങള്‍ക്ക് സി ബി ഐയെ ഉപയോഗിക്കുകയാണ്. തങ്ങള്‍ മാത്രമല്ല സി ബി ഐയെ ദുരുപയോഗപ്പെടുത്തുന്നു എന്ന് ആരോപിക്കുന്നത്. സമീപകാലത്ത് സുപ്രീം കോടതിയും സി ബി ഐക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു - കാരാട്ട് പറഞ്ഞു.

പ്രസംഗത്തില്‍ ഉടനീളം യു പി എ സര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങളാണ് പ്രകാശ് കാരാട്ട് നടത്തിയത്. ഉദാരവല്‍ക്കരണം അനുവദിക്കുകവഴി വിദേശ മൂലധനത്തിന് കീഴടങ്ങാന്‍ യു പി എ ശ്രമിച്ചു. അതുവഴി സ്വതന്ത്രമായ വിദേശനയം ഇല്ലാതായി എന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അമേരിക്കന്‍ ഏജന്‍സികളെ കൂട്ടുപിടിച്ചതു വഴി രാജ്യത്തിന്‍റെ സുരക്ഷയില്‍ ആണ് വിള്ളല്‍ വീഴ്ത്തിയത്. ജോര്‍ജ് ബുഷിന് ഭാരതരത്നം നല്‍കണമെന്ന് പറയുന്ന അധഃപതനത്തിലേക്ക് ആണ് കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്.

ആഗോളസാമ്പത്തിക മാന്ദ്യത്തില്‍ രാജ്യത്ത് പത്തു ലക്ഷം പേര്‍ക്ക് ഡിസംബറില്‍ തൊഴില്‍ നഷ്‌ടപ്പെട്ടു. മാര്‍ച്ചില്‍ അത് ഒരു കോടിയിലെത്തും. ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നു വ്യക്തമാക്കണം. പൊതു പങ്കാളിത്തത്തിനു പകരം യു പി എ സ്വകാര്യപങ്കാളിത്തം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും കാരാട്ട് ആരോപിച്ചു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല. ബജ്‌റംഗ്ദളിനെ നിരോധിക്കണമെന്ന് തങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അതു കേള്‍ക്കാന്‍ അവര്‍ തയ്യറായിട്ടില്ല. ബി ജെ പി തീവ്രവാദത്തെ നേരിടുന്നതില്‍ പരാജയമാണെന്നും കാ‍രാട്ട് പറഞ്ഞു.

തിരുവനന്തപുരം| WEBDUNIA|
തങ്ങള്‍ സാമ്രാജ്യത്വത്തിനെതിരാണ്. അതിനാലാണ് ആണവകരാറിനെ എതിര്‍ത്തത്. അതുകൊണ്ട്, ഇപ്പോള്‍ സാമ്രാജ്യത്വശക്തികള്‍ സി പി എമ്മിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കാരാട്ട് പറഞ്ഞു. 2009ല്‍ കോണ്‍ഗ്രസ് നയിക്കാത്ത മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കാരാട്ട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :