ജസ്റ്റിസ് ഗാംഗുലി കൈയില്‍ ചുംബിച്ചു; മദ്യപിക്കാനും കിടപ്പറ പങ്കിടാനും ആവശ്യപ്പെട്ടു: വിദ്യാര്‍ഥിനിയുടെ മൊഴി

കൊല്‍ക്കത്ത| WEBDUNIA|
PRO
ജസ്റ്റിസ് എ കെ ഗാംഗുലി തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും കിടപ്പറ പങ്കിടാന്‍ പ്രേരിപ്പിച്ചുവെന്നും ഗവേഷക വിദ്യാര്‍ത്ഥിനിയുടെ മൊഴി. പെണ്‍കുട്ടി സുപ്രീംകോടതി സമിതിക്ക് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പുറത്തുവിട്ടു.

ജസ്റ്റിസ് ഗാംഗുലി പല തവണ തന്നോട് മോശമായി പെരുമാറിയെന്നും തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും മുറിയില്‍ തങ്ങണമെന്ന് ആവശ്യപ്പെട്ടെന്നും യുവ അഭിഭാഷക ആരോപിച്ചു. സുപ്രീംകോടതി നിയോഗിച്ച അന്വേഷണസമിതി മുന്പാകെ നല്‍കിയ മൊഴിയിലാണ് ആരോപണങ്ങള്‍ പുറത്തുവന്നത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി,​ കേന്ദ്ര നിയമ മന്ത്രി കപില്‍ സിബല്‍,​ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലി എന്നിവരും ഗാംഗുലി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് ഡല്‍ഹി ലെമെറിഡിയന്‍ ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി. അവിടെ വേറെ മുറി ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ മുറിയില്‍ തങ്ങണമെന്ന് ആവശ്യപ്പെട്ടു. തന്രെ എതിര്‍പ്പ് വകവയ്ക്കാതെ തന്നെ സമീപിച്ച അദ്ദേഹം കൈ പിടിച്ച് തിരിച്ചശേഷം ചുംബിച്ചു.

പിന്നീട് ഭക്ഷണസമയത്ത് അദ്ദേഹം തന്റെ ശരീരത്ത് കൈ വച്ചു. പിന്നോട്ടു മാറി താന്‍ അദ്ദേഹത്തോട് ദേഹത്ത് തൊടരുതെന്നു പറഞ്ഞു. പക്ഷേ അനുസരിക്കാതിരുന്ന അദ്ദേഹം തന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. തന്റെ തലയില്‍ കൈവച്ചശേഷം താന്‍ സുന്ദരിയാണെന്നു പറഞ്ഞു. തന്റെ കൈപിടിച്ച് ചുംബിച്ചശേഷം തന്നോട് പ്രേമമാണെന്ന് വീണ്ടും പറഞ്ഞു.

തന്നെപ്പോലെ മൂന്ന് പെണ്‍കുട്ടികള്‍ക്കെങ്കിലും ഇതേ അനുഭവമുണ്ടെന്ന് മൊഴിയില്‍ അഭിഭാഷക ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ലൈംഗികാരോപണമുണ്ടായിട്ടും ജസ്റ്റിസ് ഗാംഗുലി പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷസ്ഥാനത്ത് തുടരുന്ന പശ്ചാത്തലത്തിലാണ് ഒരു ലേഖനത്തിലൂടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

ഗാംഗുലിക്കതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിങ്ങ് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :