കോണ്‍ഗ്രസിനെതിരെ വീണ്ടും സമരപ്രഖ്യാപനവുമായി ബാബ രാംദേവ്

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കോണ്‍ഗ്രസിനെതിരെ വീണ്ടും സമര പ്രഖ്യാപനവുമായി യോഗാ ഗുരു ബാബ രാംദേവ്‌. ഒക്‌ടോബര്‍ രണ്ടിന്‌ ആരംഭിക്കുന്ന പുതിയസമരം അടുത്ത പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വരെ നീളുമെന്ന്‌ രാംദേവ്‌ വ്യക്‌തമാക്കി. ആസന്നമായിരിക്കുന്ന ഗുജറാത്ത്‌, ഹിമാചല്‍ പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെതിരെ പോരാട്ടം നടത്തും. കോണ്‍ഗ്രസ്‌ തന്റെ സമരത്തെയും തന്നെയും ലക്ഷ്യം വച്ചാലും അധികാരമാറ്റത്തിനായി തന്റെ പോരാട്ടം തുടരുമെന്നും രാംദേവ്‌ വാര്‍ത്താസമ്മേളനത്തില്‍ വ്യക്‌തമാക്കി.

തങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്‌ നടത്തുന്ന നീക്കത്തിന്‌ ജനങ്ങള്‍ മറുപടി നല്‍കും. സ്വയം നാശത്തിന്റെ പാതയിലായ കോണ്‍ഗ്രസിന്‌ തങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും രാംദേവ്‌ പറഞ്ഞു. പുതിയ സമരത്തിന്റെ തുടക്കം എവിടെയാണെന്ന്‌ രാംദേവ്‌ വ്യക്‌തമാക്കിയില്ലെങ്കിലും ഹിമാചല്‍പ്രദേശ്‌ ആയിരിക്കുമെന്ന്‌ സൂചന നല്‍കി. അടിയന്തര പ്രധാന്യം ഗുജറാത്ത്‌, ഹിമാചല്‍പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായിരിക്കും നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസ്‌ മുങ്ങുന്ന കപ്പലാണെന്നും അഴിമതി ആരോപണത്തിന്‌ സ്വര്‍ണമെഡല്‍ നേടുന്ന പാര്‍ട്ടിയാണെന്നും രാംദേവ്‌ പറഞ്ഞു. സമരത്തിന്‌ അന്നാ ഹസാരെ സംഘവുമായി സഹകരിക്കുമോയെന്ന ചോദ്യത്തിന്‌ താന്‍ ആരുമായും മത്സരത്തിനില്ലെന്നും ആരെയങ്കിലും പിന്തുണയ്‌ക്കുമോ എന്ന്‌ ഇപ്പോള്‍ പറയാനാവില്ലെന്നും രാംദേവ്‌ പറഞ്ഞു.

അണ്ണാഹസാരെയുടെ സമരത്തിന് രാംദേവിന്റെ സമരത്തേക്കാള്‍ ജനപിന്തുണയാണെന്ന് ഒരു സര്‍വേയില്‍ കണ്ടെത്തിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ആദ്യം പ്രതികരിക്കാന്‍ വിസമ്മതിച്ചെങ്കിലും സര്‍വേ നടത്തിയത് ഒരു വിദേശഏജന്‍സിയാണെന്നായിരുന്നു ബാബ രാംദേവിന്റെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :