മേഘാലയയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് സ്കൂളില്‍ പ്രവേശം നിഷേധിച്ചു. 18 കാരിയായ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ 16 പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു. കൂട്ടമാനഭംഗത്തിനു ശേഷം പെണ്‍കുട്ടിയുടെ കുടുംബം സ്ഥലം മാറി താമസിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. ഇതിനിടയിലാണ് തുറ ടൗണിലുള്ള രണ്ട് സ്കൂളുകള്‍ പെണ്‍കുട്ടിക്ക് പ്രവേശം നിഷേധിച്ചത്. ക്രൂരമായ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വീണ്ടും സ്കൂളിലെത്തിക്കാന്‍ വിദ്യാര്‍ഥി യൂനിയനുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ചേര്‍ക്കാന്‍ വിസമ്മതിച്ചു.
കഴിഞ്ഞ ഡിസംബര്‍ 12 നാണ് പെണ്‍കുട്ടി ഗാരോ ഹില്‍സിലെ വില്യംനഗറില്‍ വെച്ച് കൂട്ടമാനഭംഗത്തിനിരയായത്. ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തലക്കു പരിക്കേല്‍പ്പിച്ചതിനുശേഷം മാനഭംഗത്തിനിരയാക്കുകയായിരുന്നു . അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ വീടിനടുത്ത് ആക്കിയതിനുശേഷം രക്ഷപ്പെടുകയായിരുന്നു.