മുംബൈ ആക്രമണത്തിനിടെ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബിനെ പുകഴ്ത്തിയതിന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ സ്ഥലംമാറ്റി. മധ്യപ്രദേശ് സ്പെഷ്യല്‍ ആംഡ് ഫോഴ്സ് ഐജി രാജേന്ദ്രകുമാറിനാണ് ഈ ദുര്‍വിധി ഉണ്ടായത്. പൊലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്സിലാണ് രാജേന്ദ്രകുമാറിന്റെ പുതിയ നിയമനം.
ഇന്‍ഡോറില്‍ വച്ച് നടന്ന പൊലീസ് ഷൂട്ടിംഗ് മത്സരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് ഇടയിലാണ് അജ്മല്‍ അമീര്‍ കസബിനെ രാജേന്ദ്രകുമാര്‍ വാനോളം പുകഴ്ത്തിയത്.
“എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കസബിന് ആധുനിക ആയുധങ്ങളും മൊബൈലും ഗ്ലോബല്‍ പൊഷിഷനിംഗ് സിസ്റ്റവും മറ്റ് ഇലക്‌ട്രോണിക് ഗാജറ്റുകളും ഉപയോഗിക്കാമെങ്കില്‍ എന്തുകൊണ്ട് നമ്മുടെ പൊലീസുകാര്‍ക്കതിന് കഴിയുന്നില്ല? തീവ്രമായി പരിശീലനം നേടിയാല്‍ എന്തും ചെയ്യാനാകുമെന്നതിന് തെളിവാണ് കസബ്” എന്നാണ് രാജേന്ദ്രകുമാര്‍ പറഞ്ഞത്.
എട്ടുമിനിറ്റോളം ഉണ്ടായിരുന്ന തന്റെ പ്രസംഗത്തില്‍ നിന്ന് എട്ട് സെക്കന്റുമാത്രം എടുത്ത് ചാനലുകളില്‍ കൊടുത്ത് മാധ്യമങ്ങള്‍ തന്നെ ചതിക്കുകയായിരുന്നു എന്നാണ് രാജേന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. പൊലീസുകാരെ പ്രചോദിപ്പിക്കാന്‍വേണ്ടി താന്‍ നടത്തിയ പ്രസംഗം തിരിഞ്ഞുകൊത്തിയതിന്റെ വിഷമത്തിലാണ് രാജേന്ദ്രകുമാര്‍.
രാജേന്ദ്രകുമാര്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് ലഭിച്ചിട്ടുണ്ടെന്നും അത് കണ്ടതിന് ശേഷം തുടര്‍നടപടികളെ പറ്റി ആലോചിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാ ശങ്കര്‍ ഗുപ്ത മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനയുടെ നേതാവ് രാജ് താക്കറെയും കസബിനെ പുകഴ്ത്തി സംസാരിക്കുകയുണ്ടായി. കസബിന് ഒരു വര്‍ഷം കൊണ്ട് മറാത്തി ഭാഷ പഠിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അബു അസ്മിക്ക് കഴിയുന്നില്ല എന്നാണ് രാജ് താക്കറെ ചോദിച്ചത്. ഇതും വിവാദത്തിന് വഴിമരുന്നിടും എന്ന് കരുതുന്നു.