കള്ളനോട്ട് വിതരണം പാക് ഹൈക്കമ്മീഷനിലൂടെ

ന്യൂഡല്‍ഹി| WEBDUNIA|
PRO
വ്യാജ ഇന്ത്യന്‍ കറന്‍സി വിതരണം ചെയ്യുന്നതില്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷനുകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. ധാക്കയിലെയും കാഠ്മണ്ഡുവിലെയും പാകിസ്ഥാന്‍ ഹൈക്കമ്മീഷനുകളിലൂടെ വ്യാജ ഇന്ത്യന്‍ കറന്‍സി വിതരണം നടക്കുന്നു എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വ്യാജ കറന്‍സി അച്ചടിക്കുന്നതില്‍ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട് എന്നും കേന്ദ്ര സര്‍ക്കാരിന്റെ ഒരു രഹസ്യ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വന്ന മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം 16,000 കോടി രൂപയുടെ വ്യാജ കറന്‍സി ഇപ്പോള്‍ വിനിമയത്തിലുണ്ട് എന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തനിക്ക് ഇന്ത്യന്‍ സന്ദര്‍ശനത്തിനായി 2.5 ലക്ഷം രൂപയുടെ വ്യാജ കറന്‍സി ലഭിച്ചിരുന്നതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐ‌എസ്‌ഐയുമായി ബന്ധമുള്ളതും അല്ലാത്തതുമായ 11 ഉദ്യോഗസ്ഥര്‍ക്ക് വ്യാജ കറന്‍സി നിര്‍മ്മാണവും വിതരണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേപ്പാള്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങളിലുള്ള ഇരുപത്തിയെട്ട് ശൃംഖലകള്‍ വഴിയാണ് വ്യാജ ഇന്ത്യന്‍ കറന്‍സി വിതരണം ചെയ്യപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പിടിച്ചെടുത്ത വ്യാജ കറന്‍സികളില്‍ 35 ശതമാനവും പാകിസ്ഥാനില്‍ നിന്നുള്ളവയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :