ഇഞ്ചോടിഞ്ച് പോരാട്ടം; പാക് വിറച്ചു, വിറപ്പിച്ചു

കൊളംബോ| WEBDUNIA|
PRO
ലോകകപ്പ് ക്രിക്കറ്റില്‍ ശനിയാഴ്ച നടന്നത് ആദ്യത്തെ ഗ്ലാമര്‍ പോരാട്ടം. കാണികള്‍ വീര്‍പ്പടക്കി ആസ്വദിച്ച മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍‌മാരായ ശ്രീലങ്കയ്ക്കെതിരേ പാകിസ്ഥാന് 11 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. കഴിഞ്ഞ മല്‍സരത്തില്‍ അഞ്ചു വിക്കറ്റെടുത്ത ഷാഹിദ്‌ അഫ്രീദി ഈ മല്‍സരത്തില്‍ നാലു വിക്കറ്റെത്ത്‌ പാക്‌ ജയത്തിനു ചുക്കാന്‍പിടിച്ചു. അഫ്രീദിയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. ടോസ്‌ ലഭിച്ച പാകിസ്ഥാന്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഹോം‌ഗ്രൌണ്ടില്‍ തന്നെയാണ് ലങ്കയ്ക്ക് തകര്‍ന്നടിയേണ്ട നിര്‍ഭാഗ്യം ഉണ്ടായത്.

പാകിസ്ഥാന്‍ 28 റണ്‍സ് എടുത്തയുടനെ അഹ്മദ്‌ ശഹ്സാദ്‌ മടങ്ങിയതോടെ അഫ്രീദിയുടെ തീരുമാനം തെറ്റാണെന്നു തോന്നി. മറ്റൊരു ഓപണറായ മുഹമ്മദ്‌ ഹഫീസ്‌ മിന്നുന്ന ഫോമില്‍ കളിച്ചെങ്കിലും വന്‍ സ്കോര്‍ നേടാനായില്ല. 31 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്സറും പായിച്ച്‌ 32 റണ്‍സെടുത്ത ഹഫീസും റണ്ണൗട്ടായി (2-76).

തുടര്‍ന്ന് യൂനൂസ്‌ ഖാനും വിക്കറ്റ്‌ കീപ്പര്‍ കംറാന്‍ അക്മലും തിരിച്ചുവരവിന്‌ തുടക്കമിട്ടെങ്കിലും ക്രീസില്‍ നിന്ന്‌ പുറത്തേക്കിറങ്ങി കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച അക്മലിനെ കുമാര്‍ സങ്കക്കാര സ്റ്റമ്പ് ചെയ്ത് ലങ്കയു
ടെ പിടി മുറുക്കി. ലങ്കന്‍ ഏറില്‍ തകര്‍ന്നടിയുമെന്ന് തോന്നിച്ച പാകിസ്ഥാനെ സുരക്ഷിതമായ സ്കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന യൂനുസ്‌-മിസ്ബാഹ്‌ ജോടിയാണ്‌. 108 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത ഇരുവരും പാക്‌ സ്കോര്‍ 200 കടന്ന ശേഷമാണ്‌ വേര്‍പിരിഞ്ഞത്‌.

മറുപടിക്കിറങ്ങിയ ലങ്ക മധ്യനിരക്കക്കാരുടെയും വാലറ്റക്കാരുടെയും കരുത്തില്‍ പൊരുതിനോക്കിയെങ്കിലും ഒമ്പത്‌ വിക്കറ്റിന്‌ 266 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ലങ്കയെ തകര്‍ത്തത് 34 റണ്‍സ്‌ മാത്രം വഴങ്ങി നാലു വിക്കറ്റ്‌ വീഴ്‌ത്തിയ പാക്‌ നായകന്‍ ഷാഹിദ്‌ അഫ്രീദിയാണ്‌.

ഒന്നാം വിക്കറ്റില്‍ തിലകരത്‌നെ ദില്‍ഷനും (41) ഉപുല്‍ തരംഗയും (33) ചേര്‍ന്ന്‌ 76 റണ്‍സ്‌ നേടി ലങ്കയ്‌ക്ക് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. എന്നാല്‍ പാക് സ്‌പിന്നര്‍മാര്‍ തകര്‍ത്തെറിയാന്‍ തുടങ്ങിയതോടെ കളി സീരിയസായി. നായകന്‍ കുമാര്‍ സങ്കക്കാരയും (49), മധ്യനിര താരം സമരസില്‍വയും (57) ചേര്‍ന്ന്‌ ലങ്കയെ കരകയറ്റാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ പാകിസ്ഥാന്‍ ഒരുക്കമായിരുന്നില്ല. അവസാനം 266 റണ്‍സില്‍ ലങ്ക വീണുതകര്‍ന്നു.

സ്‌കോര്‍ബോര്‍ഡ് ഇങ്ങിനെയാണ്‌:

പാകിസ്ഥാന്‍: ഷെഹ്‌സാദ്‌ സി സംഗക്കാര ബി പെരേര 13, ഹഫീസ്‌ റണ്ണൗട്ട്‌ 32, കമ്രാന്‍ സ്‌റ്റംപ്‌ഡ് സംഗക്കാര ബി ഹെറാത്ത്‌ 39, യൂനിസ്‌ ഖാന്‍ സി ജയവര്‍ധനെ ബി ഹെറാത്ത്‌ 72, മിസ്‌ബാ ഉള്‍ ഹഖ്‌ നോട്ടൗട്ട്‌ 83, ഉമര്‍ അക്‌മല്‍ സി ദില്‍ഷന്‍ ബി മുരളീധരന്‍ 10, അഫ്രീദി സി ദില്‍ഷന്‍ ബി മാത്യൂസ്‌ 16, റസാഖ്‌ സി സബ്‌ ബി പെരേര 3, എക്‌സ്ട്രാസ്‌ 9. ആകെ 50 ഓവറില്‍ ഏഴു വിക്കറ്റിന്‌ 277.

ബൗളിംഗ്‌: കുലശേഖര 10-1-64-0, പെരേര 9-0-62-2, മാത്യൂസ്‌ 10-0-56-1, മുരളീധരന്‍ 10-0-35-1, ഹെറാത്ത്‌ 10-0-46-2, ദില്‍ഷന്‍ 1-0-10-0.
ശ്രീലങ്ക: തരംഗ സി അഫ്രീദി ബി ഹഫീസ്‌ 33, ദില്‍ഷന്‍ ബി അഫ്രീദി 41, സംഗക്കാര സി ഷെഹ്‌സാദ്‌ ബി അഫ്രീദി 49, ജയവര്‍ധനെ ബി അക്‌തര്‍ 2, സമരവീര സ്‌റ്റംപ്‌ഡ് അക്‌മല്‍ ബി അഫ്രീദി 1, ചമരസില്‍വ സ്‌റ്റംപ്‌ഡ് അക്‌മല്‍ ബി റഹ്‌മാന്‍ 57, മാത്യൂസ്‌ സി ഷെഹ്‌സാദ്‌ ബി അഫ്രീദി 18, പെരേര ബി അക്‌തര്‍ 8, കുലശേഖര സി ഉമര്‍ ബി ഗുല്‍ 24, ഹെറാത്ത്‌ നോട്ടൗട്ട്‌ 4, മുരളീധരന്‍ നോട്ടൗട്ട്‌ 0, എക്‌സ്ട്രാസ്‌ 28. ആകെ 50 ഓവിറില്‍ ഒമ്പതിന്‌ 266.

ബൗളിംഗ്‌: അക്‌തര്‍ 10-0-42-2, റസാഖ്‌ 5-1-23-0, ഗുല്‍ 9-0-60-1, ഹഫീസ്‌ 6-0-33-1, അഫ്രീദി 10-0-34-4, റഹ്‌മാന്‍ 10-1-63-1.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :