കല്‍ക്കരിപ്പാടം: സര്‍ക്കാരിന്റെ തിരുത്തലുകള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കല്‍ക്കരിപ്പാടം അഴിമതിയില്‍ യുപി‌എ സര്‍ക്കാര്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക്. അന്വേഷണ റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. കല്‍ക്കരിപ്പാടം അഴിമതി അന്വേഷണത്തിലെ സിബിഐ റിപ്പോര്‍ട്ടും തിരുത്തലുകള്‍ വരുത്തിയ റിപ്പോര്‍ട്ടുമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും എന്ന് ഇതോടെ ഉറപ്പായി.

റിപ്പോര്‍ട്ടില്‍ 20 ശതമാനത്തോളം വെട്ടിത്തിരുത്തലുകള്‍ സര്‍ക്കാര്‍ വരുത്തി എന്നാണ് സൂചനകള്‍. പ്രധാനമന്ത്രിയുടെ ഓഫിസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരും നിയമമന്ത്രി അശ്വനികുമാറുമാണ് റിപ്പോര്‍ട്ടില്‍ ഇടപെട്ടത്.

അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമമന്ത്രി അശ്വനികുമാര്‍ ഇടപെട്ടു എന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. നാളെ കോടതി മുമ്പാകെ ഈ വാദം തെളിയുകയാണെങ്കില്‍ അദ്ദേഹത്തിന് സ്ഥാനചലനം തന്നെ സംഭവിച്ചേക്കും എന്നാണ് സൂചനകള്‍.

കല്‍ക്കരിപ്പാടം അഴിമതിയിലെ അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് എട്ടിന് കോടതിയില്‍ സമര്‍പ്പിക്കും മുമ്പ് സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് കോടതി സിബിഐ ഡയറക്ടറോട് സത്യവാങ്മൂലം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടില്‍ ആരുടേയും സ്വാധീനം ഉണ്ടായിട്ടില്ല എന്ന് നേരത്തെ വ്യക്തമാക്കിയ സിബിഐ പിന്നീട് സത്യവാങ്മൂലത്തിലൂടെയാണ് ഇടപെടല്‍ നടന്ന വിവരം വെളിപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :