കല്‍ക്കരിപ്പാടം ഇടപാട്: പ്രധാനമന്ത്രിയും നിയമമന്ത്രിയും പ്രതിക്കൂട്ടില്‍

ന്യുഡല്‍ഹി| WEBDUNIA|
PTI
PTI
കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്ര നിയമമന്ത്രി അശ്വനി കുമാറും കണ്ടിരുന്നു എന്ന് സുപ്രീംകോടതിയില്‍. നിയമമന്ത്രി ആവശ്യപ്പെട്ട് അനുസരിച്ചാണ് റിപ്പോര്‍ട്ട് കാണിച്ചതെന്ന് പറഞ്ഞ സിബിഐ എന്നാല്‍ അതിലെ തിരുത്തലുകളെക്കുറിച്ച് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ അശ്വിനി കുമാര്‍ ആവശ്യപ്പെട്ടെന്ന് വ്യക്തമാക്കുന്നതാണ് സത്യവാങ്മൂലം. രാഷ്ട്രീയക്കാര്‍ കാണാത്ത റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നും സിബിഐ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ മേലില്‍ സര്‍ക്കാറിന് നല്‍കില്ലെന്നും സിബിഐ സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കി.

പ്രധാനമന്ത്രിയെയും നിയമമന്ത്രിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് സിബിഐയുടെ ഈ വെളിപ്പെടുത്തല്‍. അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന സര്‍ക്കാരിന്റെ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. കല്‍ക്കരിപ്പാടം അഴിമതിയിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ മാര്‍ച്ച് എട്ടിന് കോടതിയില്‍ സമര്‍പ്പിക്കും മുമ്പ് സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്നാണ് കോടതി സിബിഐ ഡയറക്ടറോട് സത്യവാങ്മൂലം ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടില്‍ ആരുടേയും സ്വാധീനം ഉണ്ടായിട്ടില്ല എന്ന് നേരത്തെ വ്യക്തമാക്കിയ സിബിഐ ഇപ്പോള്‍ സത്യവാങ്മൂലത്തിലൂടെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും കണ്ടിരുന്നു. എന്നാല്‍
പ്രധാനമന്ത്രിയുടെ ഓഫിസും നിയമമന്ത്രിയും റിപ്പോര്‍ട്ട് പരിശോധിച്ചത് എന്തിനാണെന്നും തുടര്‍ന്ന് എന്തുണ്ടായി എന്ന കാര്യത്തിലും സിബിഐ മൌനം പാലിക്കുകയാണ്. മറ്റാരെങ്കിലും റിപ്പോര്‍ട്ട് കണ്ടോ എന്നും വ്യക്തമാക്കിയിട്ടില്ല. സിബിഐയുടെ സത്യവാങ്മൂലം പുറത്തുവന്നതോടെ നിയമമന്ത്രിയുടെ രാജിയ്ക്കായുള്ള ആവശ്യം ശക്തമായിരിക്കുകയാണ്. റിപ്പോര്‍ട്ടില്‍ നിയമവിരുദ്ധ ഇടപെടല്‍ നടത്തിയ നിയമമന്ത്രി രാജിവയ്ക്കണം എന്ന് ബിജെപിയു മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടു. വിവരം പുറത്തുവന്ന ഉടനെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി അശ്വിനി കുമാര്‍ കൂടിക്കാഴ്ച നടത്തി. എന്നാല്‍ അശ്വിനി കുമാര്‍ രാജിവയ്ക്കേണ്ടതില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :