കരുണാനിധിയുടെ തീരുമാനം രാഷ്ട്രീയ നാടകം: ജയലളിത

ചെന്നൈ| WEBDUNIA|
PRO
PRO
കേന്ദ്രസര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാനുള്ള ഡി എം കെ നേതാവ്‌ കരുണാനിധിയുടെ തീരുമാനം രാഷ്ട്രീയ നാടകമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ഇതില്‍ ജനങ്ങള്‍ നിരാശരാണെന്നും ജയലളിത പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കാനുള്ള പഴുതുകള്‍ ഒഴിച്ചിട്ടത്‌ ഇതിനു തെളിവാണെന്ന് ജയലളിത ചൂണ്ടിക്കാട്ടി.

ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം നടന്ന 2009 ലാണ്‌ കരുണാനിധി യുപിഎ സഖ്യത്തില്‍ നിന്ന്‌ പുറത്തുപോരേണ്ടിയിരുന്നത്. ആസമയത്ത് ഡിഎംകെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ ലങ്കന്‍ തമിഴരില്‍ കുറേ പേരെയെങ്കിലും രക്ഷിക്കാമായിരുന്നു എന്നും ജയലളിത പ്രസ്‌താവനയില്‍ പറഞ്ഞു. അന്നത്തെ അബദ്ധം മറച്ചുവെയ്ക്കാനാണ്‌ ഇപ്പോഴത്തെ നടപടിയെന്നും ജയലളിത ആരോപിച്ചു.

കരുണാനിധിയുടെ പദ്ധതികള്‍ വിജയിക്കില്ല. തമിഴ്‌നാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുമെന്നും ജയലളിത പറഞ്ഞു. ശ്രീലങ്കയ്ക്കെതിരേ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ശക്തമായ പ്രമേയം പാസാക്കുകയാണെങ്കില്‍ മാത്രമേ അവര്‍ക്കെതിരേ യുദ്ധക്കുറ്റത്തിന്റെ പേരില്‍ നടപടി സ്വീകരിക്കാനാകൂവെന്നും ജയലളിത പറഞ്ഞു.

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവന്ന യുദ്ധക്കുറ്റ പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണം എന്നാണ് ഡിഎംകെയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചാണ് ഡി എം കെ കേന്ദ്ര സര്‍ക്കാരിന് പിന്തുണ പിന്‍‌വലിച്ചത്.

ശ്രീലങ്കയിലെ തമിഴ് വംശജരെ കൂട്ടക്കുരുതി ചെയ്തവര്‍ക്കെതിരെ നടപടി, അതിക്രമങ്ങളെക്കുറിച്ച് സ്വതന്ത്രാന്വേഷണം, കുറ്റവാളികളായ സൈനികരെ രാജ്യാന്തര കോടതിയില്‍ വിചാരണ ചെയ്യുക എന്നീ ആവശ്യങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഡിഎംകെ ആവശ്യപ്പെടുന്നു.

അതേസമയം, പ്രമേയത്തില്‍ ഇന്ത്യ വെള്ളം ചേര്‍ത്തതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു. പ്രമേയത്തിലെ നിര്‍ദ്ദേശങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നാണ് ഭേദഗതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :