വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാന്‍ കേരളം സമ്മതമറിയിച്ചു!

തിരുവനന്തപുരം: | WEBDUNIA| Last Modified ബുധന്‍, 23 ജനുവരി 2013 (20:41 IST)
PRO
PRO
കേരളത്തിലെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാന്‍ കേരളം സമ്മതം അറിയിച്ചു. വര്‍ഷം തോറും വൈദ്യുതി നിരക്ക് വര്‍ദ്ധന നടപ്പാക്കാനും സമ്മതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ന്നേക്കും. വൈദ്യുതി വിതരണ മേഖലയിലെ നഷ്ടം നികത്താന്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡി ലഭിക്കണമെങ്കില്‍ അതിനൊപ്പമുള്ള സാമ്പത്തിക പുനഃസംഘടനാ പദ്ധതി അംഗീകരിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വ്യവസ്ഥ. വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ പങ്കാളിത്തം വേണം എന്നതാണ് പദ്ധതിയിലെ പ്രധാന വ്യവസ്ഥ. അതു ഫ്രാഞ്ചൈസി രൂപത്തിലോ, പൊതു-സ്വകാര്യ പങ്കാളിത്ത രൂപത്തിലോ ആകാം.

ഇനി മുതല്‍ എല്ലാ വര്‍ഷവും നിരക്കു വര്‍ദ്ധന നടപ്പാക്കണം, വൈദ്യുതി കമ്പനികളുടെ റവന്യൂ കമ്മി നിരക്കു വര്‍ദ്ധനയിലൂടെ അടുത്ത മൂന്നു വര്‍ഷം കൊണ്ട് പൂര്‍ണ്ണമായി ഇല്ലാതാക്കണം, പ്രസരണ-വിതരണ നഷ്ടം കുറയ്ക്കാന്‍ സംവിധാനം വേണം എന്നിവയാണ് മറ്റു പ്രധാന വ്യവസ്ഥകള്‍. ഇതെല്ലാം അംഗീകരിക്കാന്‍ തയ്യാറാണെന്നാണ് കേരളം ഇപ്പോള്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ വൈദ്യുതി വിതരണ കമ്പനികളും കഴിഞ്ഞ 10 വര്‍ഷത്തിനിടെ നഷ്ടത്തിലായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പുനഃസംഘടനാ പദ്ധതി പ്രഖ്യാപിച്ചത്.

വിതരണ കമ്പനികളുടെ ആകെ നഷ്ടം 1.90 ലക്ഷം കോടിയാണ്. ഇതേത്തുടര്‍ന്ന് വൈദ്യുതി വിതരണ കമ്പനികളുടെ കടം പുനഃക്രമീകരിക്കുന്ന പദ്ധതി കേന്ദ്രം ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വിതരണ കമ്പനികളുടെയും കടത്തിന്റെ പകുതി സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണം. അതിനു തുല്യമായ തുകയ്ക്കുള്ള കടപത്രം ബാങ്കുകള്‍ക്കു നല്‍കണം. ബാക്കി പകുതി ബാങ്കുകള്‍ വായ്പാ കാലാവധി പുനഃക്രമീകരിച്ചു നല്‍കണം. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന തുകയുടെ നാലിലൊന്ന് വ്യവസ്ഥകള്‍ക്കു വിധേയമായ സബ്‌സിഡിയായി കേന്ദ്രം നല്‍കുമെന്നാണ് വാഗ്ദാനം. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ പ്രധാനമായും ലക്ഷ്യമിട്ടാണ് കേന്ദ്രം പദ്ധതി തയ്യാറാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :