കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ് സിബിഐയ്ക്ക്

കൊല്‍ക്കത്ത| JOYS JOY| Last Modified ബുധന്‍, 18 മാര്‍ച്ച് 2015 (15:13 IST)
പശ്ചിമബംഗാളില്‍ കന്യാസ്ത്രി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം സി ബി ഐ അന്വേഷിക്കും. കേസ് സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെയാണ് അറിയിച്ചത്. ഗൌരവമേറിയ കേസായതിനാലാണ് ഈ തീരുമാനമെന്നും മമത ബാനര്‍ജി പറഞ്ഞു.

അതേസമയം, കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കണമെന്ന് സി ബി സി ഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങള്‍ നടക്കാന്‍ പാടില്ല. എല്ലാവര്‍ക്കും ബോധ്യമാകുന്ന രീതിയില്‍ നീതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പീഡനത്തിനിരയായ കന്യാസ്ത്രീക്ക് ക്രൈസ്തവ സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ബംഗാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇതിനിടെ, കന്യാസ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. സംഭവത്തെ തുടര്‍ന്ന്​സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും ഇതുവരെ കസ്റ്റഡിയില്‍ എടുത്തവരുടെ വിശദവിവരങ്ങളും നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അയച്ച നോട്ടീസില്‍ പറയുന്നു. ഒരു മാസത്തിനുളളില്‍ നോട്ടീസിന്​മറുപടി നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :