എംകെ നാരായണന്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍?

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 14 ജനുവരി 2010 (10:15 IST)
ദേശസുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചേക്കുമെന്ന് സൂചന.

എംകെ നാരായണനെ പശ്ചിമബംഗാളിലെയോ മഹാരാഷ്ട്രയിലെയോ ഗവര്‍ണറായി നിയമിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2005 മുതല്‍ ദേശ സുരക്ഷാ ഉപദേഷ്ടാവായിരുന്ന നാരായണന്‍ അതിനു മുമ്പ് ഐബി തലവനായിരുന്നതും നക്സല്‍ ഭീഷണിയുള്ള പശ്ചിമബംഗാളിലെ ഗവര്‍ണറാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു എന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇപ്പോള്‍ ആന്ധ്രപ്രദേശിന്റെ അധിക ചുമതല നല്‍കിയിരിക്കുന്ന ഛത്തീസ്ഗഡ് ഗവര്‍ണര്‍ ഇ‌എസ്‌എല്‍ നരസിംഹനെ ആന്ധ്രയില്‍ സ്ഥിരമാക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഐബിയുടെ തലപ്പത്ത് നിന്ന് തന്നെ വിരമിച്ച നരസിംഹനെ തെലങ്കാന പ്രശ്നം കത്തിനില്‍ക്കുന്ന ആന്ധ്രയില്‍ സ്ഥിരമാക്കുന്നത് സഹായകമാവുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം.

26/11 ആക്രമണങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ച മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനെയും ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന.

നാരായണന്‍ ഗവര്‍ണറായി പോവുന്ന ഒഴിവിലേക്ക് അനുയോജ്യമായ നിയമനം നടത്തേണ്ട ബാധ്യതയും സര്‍ക്കാരിനു പൂര്‍ത്തീകരിക്കേണ്ടതുണ്ട്. നാരായണന്റെ വിരമിക്കലോടെ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വിഭജനവും നടക്കാനിടയുണ്ട്. ആഭ്യന്തര സുരക്ഷ മാത്രം ആഭ്യന്തരമന്ത്രിയുടെ കീഴിലാക്കണമെന്നാണ് ചിദംബരം ആവശ്യപ്പെട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :