നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കി

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 13 ഫെബ്രുവരി 2009 (11:42 IST)
നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കി. പ്രതിപക്ഷബഹളം കാരണമാണ് ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായിക്ക് പ്രസംഗം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്. 10 മിനുട്ട് നേരം പ്രസംഗം വായിച്ച ഗവര്‍ണര്‍ ബാക്കി വായിച്ചതായി കണക്കാക്കിക്കൊള്ളാന്‍ പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ബജറ്റില്‍ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസി മലയാളികളേയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്‌. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാരിനുണ്ട്. ഭീകരാക്രമണങ്ങള്‍ തടയുന്നതിന് ശക്തമായ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു.

ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‌ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തിയത്. പ്രസംഗം നടക്കുമ്പോള്‍ പ്രതിപക്ഷം ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുകയും ബഹളം വയ്ക്കുകയുമായിരുന്നു.

നയപ്രഖ്യാപന പ്രസംഗം നടക്കുമ്പോള്‍ ഇങ്ങനെ ബഹളം വയ്ക്കുന്നത് ഉചിതമല്ലെന്ന്‌ ഗവര്‍ണര്‍ പറഞ്ഞു. പാര്‍ലമെന്‍ററി നടപടിക്രമം അനുസരിച്ചുള്ള പ്രസംഗമാണ്‌ നടക്കുന്നത്‌. നിങ്ങള്‍ക്ക്‌ പറയേണ്ടത്‌ ചര്‍ച്ചാവേളയില്‍ പറയാമെന്ന്‌ ഗവര്‍ണര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. അതോടെ ഭരണപക്ഷവും ബഹളം ആരംഭിച്ചു.

10 മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം നടത്തി ഗവര്‍ണര്‍ സഭ വിട്ടു. അതോടെ പ്രതിപക്ഷവും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മാത്രമായിരുന്നു ഇന്ന് നിയമസഭയുടെ അജണ്ട.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :