ന്യൂഡല്‍ഹി|
Last Modified വെള്ളി, 8 ജനുവരി 2016 (18:24 IST)
ഇന്ത്യന്‍ സിനിമയിലെ താരചക്രവര്‍ത്തിമാരായ ആമിര്‍ഖാനും ഷാരുഖ് ഖാനും ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ സംവിധാനങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് മുംബൈ പൊലീസ് പിന്മാറി. നേരത്തേ നല്‍കിയിരുന്ന സുരക്ഷ തുടരുമെന്ന് മുംബൈ പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ അറിയിച്ചു.
ഇതനുസരിച്ച് പൈലറ്റ് വാഹനവും സായുധരായ നാല് പൊലീസുകാരും താരങ്ങള്‍ക്കൊപ്പം എപ്പോഴുമുണ്ടാകും. അസഹിഷ്ണുതയ്ക്കെതിരെ ആമിറും ഷാരുഖും നടത്തിയ പരാമര്‍ശങ്ങളോടുള്ള പ്രതികാരമാണ് ഇരു താരങ്ങളുടെയും സുരക്ഷ വെട്ടിക്കുന്നതില്‍ എത്തിച്ചതെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് സുരക്ഷ തുടരാന്‍ പൊലീസ് തീരുമാനിച്ചത്.
ആമിര്‍, ഷാരൂഖ് എന്നിവരടക്കം 40 പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്ക്കുമെന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. ഇനി 15 പേര്‍ക്ക് മാത്രം മികച്ച സുരക്ഷ നല്കിയാല് മതിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷിക അവലോകന യോഗത്തില്‍ തീരുമാനമായത്.
വിധു വിനോദ് ചോപ്ര, രാജ്കുമാര് ഹിറാനി, ഫറാ ഖാന്, കരിം മൊറാനി എന്നിവരുടെ സുരക്ഷ പൂര്‍ണമായും എടുത്തുമാറ്റി. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്, സംവിധായകരായ മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, ദിലീപ് കുമാര്‍, ലതാ മങ്കേഷ്കര്‍ എന്നിവര്‍ പോലീസ് കനത്ത സുരക്ഷയൊരുക്കുന്നവരില്‍ ഉള്‍പ്പെടുന്നു.