ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 28 മാര്‍ച്ച് 2015 (09:13 IST)
ആം ആദ്മി പാര്‍ട്ടിയുടെ നിര്‍ണായക ദേശീയ കൌണ്‍സില്‍ യോഗം ഇന്ന്. എന്നാല്‍, ദേശീയ കൌണ്‍സിലിന് മുന്നോടിയായി വെള്ളിയാഴ്ച അരവിന്ദ് കെജ്രിവാളും സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും വെവ്വേറെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വാര്‍ത്താസമ്മേളനം ഇരുവിഭാഗവും പരസ്പരം ആക്രമിക്കുന്ന വിധത്തിലായിരുന്നു.
അനുരഞ്ജനം മുന്നില്‍ കണ്ടു കൊണ്ടായിരുന്നു ശനിയാഴ്ച ദേശീയ കൌണ്‍സില്‍ യോഗം ചേരാനിരുന്നത്. എന്നാല്‍, യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും മറ്റൊരു മുതിര്‍ന്ന നേതാവായ പ്രഫ അനന്തകുമാറും ചേര്‍ന്ന് കെജ്രിവാള് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന ദേശീയ കൌണ്‍സില്‍ യോഗത്തില്‍ യാദവിനെയും ഭൂഷണെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ കെജ്രിവാള് പക്ഷം സ്വീകരിച്ചേക്കും.
യാദവിന്റെയും ഭൂഷന്റെയും വാര്‍ത്താസമ്മേളനത്തിനു മറുപടിയായി കെജ്രിവാളിന്റെ വിശ്വസ്തരായ സഞ്ജയ് സിങ്, അശുതോഷ്, ആശിഷ് ഖേതാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് കെജ്രിവാളിനെ നീക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച ഭൂഷണും യാദവും തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പാര്‍ട്ടിയുടെ അഭ്യന്തര ലോക്പാലിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന ആവശ്യമാണ് മുഖ്യമായി ഉന്നയിച്ചത്.