യമനിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി| JOYS JOY| Last Updated: വ്യാഴം, 26 മാര്‍ച്ച് 2015 (12:29 IST)
ആഭ്യന്തരസംഘര്‍ഷം തുടരുന്ന യമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം സ്വീകരിച്ചു. യമനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് മന്ത്രാലയം നല്കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇന്ത്യക്കാര്‍ക്ക്, യമന്റെ തലസ്ഥാനമായ സനയിലുള്ള ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ വ്യക്തമാക്കി.
00967734 000 658 - ദില്‍ബാഗ് സിങ്
00967734 000 657 - റാം ചരണ്‍ എന്നീ ഫോണ്‍ നമ്പറുകളില്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം.

3500 ഇന്ത്യക്കാര്‍ യമനില്‍ ഉണ്ടെന്നാണ് സര്‍ക്കാരിന് ലഭ്യമായ വിവരം. ഇവരില്‍ 2500 പേര്‍ തലസ്ഥാനമായ സനയിലാണ് ഉള്ളത്.
സനയിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം വിമതര്‍ പിടിച്ചെടുത്തിരിക്കുകയാണ്. ഇതോടെയാണ് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായത്.

ഇതിനിടയില്‍, യമനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നോര്‍ക്ക മന്ത്രി കെ സി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്തും ഡല്‍ഹിയിലും നോര്‍ക്ക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. നഴ്‌സുമാര്‍ അടക്കം യമനിലുള്ള മലയാളികളുടെ കൃത്യമായ എണ്ണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :