യശോദബെന്‍ അതിഥിയായി പങ്കെടുത്ത പരിപാടി ബിജെപിക്കാര്‍ നിര്‍ത്തിവെപ്പിച്ചു

സൂററ്റ്| VISHNU N L| Last Modified ശനി, 13 ജൂണ്‍ 2015 (14:57 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യയായ യശോദാബെന്‍ പങ്കെടുത്ത പരിപാടി ബിജെപി നേത്താക്കള്‍ ഇടപെട്ട് നിര്‍ത്തിവയ്പ്പിച്ചതായി വാര്‍ത്തകള്‍. സൂററ്റില്‍ മോഡി ആരാധകരുടെ ക്ലബായ നമോ സേന സംഘടിപ്പിച്ച ഒരാഴ്ചത്തെ പരിപാടിയാണ് രണ്ടാം ദിവസം ബിജെപിയുടെ നിര്‍ബന്ധത്തിന് വഴങ്ങി നിര്‍ത്തിവെക്കേണ്ടി വന്നത്. രണ്ടാദിനം നടത്തിയ പൊതുപരിപാടിയില്‍ യശോദാബെന്‍ പങ്കെടുത്തതിനാലാണ് പരിപാടി ബിജെപി നേതാക്കള്‍ ഇടപെട്ട് നിര്‍ത്തിവയ്പിച്ചത് എന്നാണ് സൂചനകള്‍.

കേന്ദ്രത്തിന്റെ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായുള്ള ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ക്യാമ്പയിനിന്റെ ഭാഗമായായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ യശോദബെന്‍ പരിപാടിക്കെത്തിയ ഉടന്‍ തന്നെ സംഘാടകരെ സൂറത്ത് ബിജെപി പ്രസിഡന്റ് പ്രണേഷ് മോഡിയും രണ്ട് പാര്‍ട്ടി എംഎല്‍എമാരും കൂടി നിര്‍ബന്ധിച്ച് പരിപാടി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു. യശോദബെന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതും മാധ്യമങ്ങളെ കാണുന്നതിലും ബിജെപി അസന്തുഷ്ടി പ്രകടിപ്പിക്കാറുണ്ട്. ഇവര്‍ മാധ്യമ ശ്രദ്ധ നേടുന്നത് ഒഴിവാക്കാന്‍ ബിജെപി കഴിവതും ശ്രമിക്കാറുണ്ട്.

1968ലാണ് മോദി യശോദബെന്നിനെ വിവാഹം കഴിച്ചത്. എന്നാല്‍ ആര്‍‌എസ്‌എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായി മോഡി കുടുംബം ഉപേക്ഷിച്ചതൊടെ ഇരുവരും അകലുകയായിരുന്നു. അന്നത്തെ
കാലത്തെ സാഹചര്യം അനുസരിച്ച് ശൈശവ വിവാഹമായിരുന്നു ഇരുവരുടേതും. പിന്നീട് മെഹ്സനയിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയ യശോദ ബെന്‍ തന്റെ രണ്ട് സഹോദരങ്ങളോടൊപ്പമാണ് കഴിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :