ജയലളിത മരിച്ചെന്ന് വിക്കിപീഡിയ; മരണം 2016 ഒക്‌ടോബര്‍ ഒന്നിനെന്നും സ്വതന്ത്രവിജ്ഞാകോശം

ജയലളിത മരിച്ചെന്ന് വിക്കിപീഡിയ

ചെന്നൈ| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (12:07 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 1948 ഫെബ്രുവരി 24ന് ജനിച്ച ജയലളിത 2016 ഒക്‌ടോബര്‍ ഒന്നിന് മരിച്ചെന്നാണ് പറയുന്നത്.

കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയാന്‍ ജനങ്ങള്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വിക്കിപീഡിയയെയാണ്. വിക്കിപീഡിയയില്‍ ഇത്തരത്തിലൊരു വാര്‍ത്ത വന്നത് ആശങ്ക പരത്തുകയാണ്. വിക്കിപീഡിയ തന്നെ പിന്നീട് ഇത് എഡിറ്റ് ചെയ്തു മാറ്റി.

അതേസമയം, കഴിഞ്ഞ ദിവസം ജയലളിത മരിച്ചെന്ന് എഴുതിയതിനെ തുടര്‍ന്ന് തമിഴ് ബ്ലോഗര്‍ക്കെതിരെ സൈബര്‍ സെല്‍ കേസെടുത്തിരുന്നു. ജയലളിതയുടെ ആരോഗ്യനില മോശമാണെന്നും പിന്നീട് അവര്‍ മരിച്ചെന്നും എഴുതിയതിനെ തുടര്‍ന്ന് തമിഴച്ചി എന്ന ബ്ലോഗര്‍ക്കെതിരെയാണ് സൈബര്‍ സെല്‍ കേസെടുത്തത്.

ഇതിനിടെ, കഴിഞ്ഞദിവസം ജയലളിതയ്ക്ക് വിദഗ്ധചികിത്സ നല്കുന്നതിനായി ലണ്ടനില്‍ നിന്ന് ഡോക്ടര്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തീവ്രപരിചരണം, അനസ്തീഷ്യ എന്നിവയില്‍ വൈദഗ്ധ്യം നേടിയ ഡോക്‌ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്‌ലിയാണ് ജയലളിതയെ പരിശോധിക്കാനായി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍, ഇതു സംബന്ധിച്ച് പാര്‍ട്ടിവൃത്തങ്ങളോ ആശുപത്രി അധികൃതരോ ഒന്നും പറഞ്ഞിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :