സംശയ രോഗം: ഭാര്യയെ കൊന്നയാള്‍ പിടിയില്‍

തെന്മല| Last Modified ചൊവ്വ, 27 മെയ് 2014 (21:00 IST)
സംശയരോഗത്തിന്‍റെ പേരില്‍ ഭാര്യയെ കഴുത്തറുത്തുകൊന്നയാള്‍ അറസ്റ്റിലായി. ഇടമണ്‍ ചരുവുകാലായില്‍ വീട്ടില്‍ (23)ആണ് കഴിഞ്ഞ ദിവസം ദാരുണമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇതോടനുബന്ധിച്ച് മാജിദയുടെ ഭര്‍ത്താവ് ജാഫര്‍ഖാനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തുമ്പോട് സ്വദേശിയാണ്‌ ജാഫര്‍ഖാന്‍ എന്ന് പൊലീസ് വെളിപ്പെടുത്തി.

മരിക്കുമ്പോള്‍ മാജിദ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. കൊലപാതകത്തിനു ശേഷം കോട്ടയത്തേക്കു മുങ്ങിയ ജാഫര്‍ഖാനെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് തെന്മല പോലീസിന് കൈമാറിയിട്ടുണ്ട്.

ജാഫര്‍ഖാന്‍ കുന്നിക്കോട്ട് വാടകയ്ക്ക് താമസിച്ചുവരവെയാണ് മാജിദയെ വിവാഹം കഴിച്ചത്. എട്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുടുംബവീട്ടിലെ താമസത്തിനിടയില്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് ഇരുവരും താമസം മാറ്റി. ഈ വീട്ടില്‍ താമസമായിട്ട് ഒരാഴ്ചയായതേയുള്ളു.

എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം മാജിദയെ കാണാത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ തിരക്കി മാജിദയുടെ വീട്ടിലെത്തിയപ്പോഴാണ് ബഡ്ഷീറ്റ് പുതപ്പിച്ച നിലയില്‍ മാജിദയുടെ മൃതദേഹം കാണപ്പെട്ടത്. ബന്ധുക്കളുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയും വിവരം തെന്മല പൊലീസിലറിയിക്കുകയുമായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോട്ടയം വെസ്റ്റ് പൊലീസ് ജാഫര്‍ഖാനെ പിടികൂടി തെന്മല പോലീസിന് കൈമാറി. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യയുടെ ചാരിത്രശുദ്ധിയിലുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പറഞ്ഞു. മാജിദയുടെ മൃതദേഹം പൊലീസ് പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :