ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 25 നവംബര്‍ 2016 (16:03 IST)
ജയിലില്‍ തന്നെ കാണാനെത്തിയ പ്രിയങ്കാ ഗാന്ധി പൊട്ടിക്കരഞ്ഞെന്ന് രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനി. ‘രാജീവ് മര്‍ഡര്‍: ഹിഡ്ഡന്‍ ട്രൂത്ത്സ് ആന്റ് പ്രിയങ്ക’ എന്ന തന്റെ പുസ്തകത്തിലാണ് നളിനി പ്രിയങ്കയുമായി ജയിലില്‍വച്ചു നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് വ്യക്തമാക്കുന്നത്.
ജയിലിലെ സന്ദര്‍ശനത്തിനിടയിലായിരുന്നു അവര്‍ എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. നേരില്‍ കണ്ടപ്പോള്‍ രണ്ടു മിനിറ്റ് തന്റെ നേരെ നോക്കാന്‍ ആവശ്യപ്പെട്ട ശേഷം പ്രിയങ്കാ നിശബ്ദയായിരുന്നു. രക്ത വര്‍ണ്ണമായ ആ മുഖം ഇന്നും മറക്കാന്‍ സാധിച്ചിട്ടില്ല. അപ്പോള്‍ അവരുടെ ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു, എന്തിനാണ് ഈ പ്രവര്‍ത്തി ചെയ്തതെന്നും എന്റെ പിതാവ് പാവമായിരുന്നുവെന്നും പറയുന്നതിനൊപ്പം
പ്രീയങ്ക പൊട്ടിക്കരഞ്ഞെന്നും നളിനി പുസ്തകത്തില്‍ പറയുന്നു.
പ്രിയങ്ക കരയുമെന്ന് താനൊരിക്കലും കരുതിയില്ല. ആ കണ്ണീര് മറക്കാന്‍ സാധിക്കില്ല. കൂടിക്കാഴ്ചയില്‍ പ്രിയങ്ക മിക്കവാറും കേഴ്വിക്കാരി മാത്രമായിരുന്നു. ഞാന്‍ പറഞ്ഞതൊന്നും അവര്‍ ഉള്കൊണ്ടിട്ടുണ്ടാകില്ല. സംസാരിക്കുന്നതിനിടെ അവര്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും നളിനി പറയുന്നു.
1991 ലാണ് രാജീവ് ഗാന്ധി വധക്കേസില്‍ നളിനിയും ഭര്‍ത്താവ് മുരുകനും മറ്റ് ഏഴു പേര്‍ക്കൊപ്പം പിടിയിലായത്. ഇവര്‍ക്ക് പിന്നീട് ജീവപര്യന്തം തടവ് ലഭിക്കുകയായിരുന്നു.