വ്യാപം കേസില്‍ ബിജെപിക്ക് 'ലെറ്റര്‍ ബോംബ'യച്ച് ബിജെപി നേതാവ്

VISHNU N L| Last Modified ചൊവ്വ, 21 ജൂലൈ 2015 (13:23 IST)
വ്യാപം അഴിമതിക്കേസില്‍ മുഖം നഷ്ടപ്പെട്ടു നിക്കുന്നതിനിടെ പാര്‍ട്ടിയെ കൂടുതല്‍ വെട്ടിലാക്കി മുൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശാന്തകുമാർ അമിത് ഷായ്ക്കയച്ച കത്തും പ്രതിപക്ഷം ആയുധമാക്കുന്നു. വ്യാപം കേസ് പാർട്ടിയുടെ മുഖഛായക്ക് കളങ്കം ഉണ്ടാക്കിയെന്നും പാര്‍ട്ടിയുടെ പ്രതിഛായയെ കാര്യമായി ബാധിച്ചെന്ന് കത്തില്‍ ശാന്തകുമാര്‍ പറയുന്നു.

അഴിമതി ഇല്ലാതാക്കുന്നതിന് ലോക്പാൽ മാതൃകയിൽ എത്തിക്സ്
കമ്മിറ്റിയെ നിയോഗിക്കണമെന്നും ശാന്തകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദിയിൽ എഴുതിയ കത്തിന്റെ പകർപ്പ് അദ്ദേഹം ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇട്ടിരുന്നു. അഴിമതി കാരണം എല്ലാ പാർട്ടി അണികളുടെയും തല നാണം കൊണ്ട് കുനിക്കേണ്ടി വന്നുവെന്നാണ് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ബിജെപി നേതൃത്വത്തെ കുറചൊന്നുമല്ല അലോസരപ്പെടുത്തിയിരിക്കുന്നത്. കത്ത് പരസ്യമായതിനെ തുടർന്ന് ശാന്തകുമാറിനെ പാർട്ടി താക്കീത് ചെയ്തു എന്നാണ് വിവരം.

എന്നാല്‍ തന്റെ കാഴ്ചപ്പാടുകളാണ് കത്തിലൂടെ അമിത് ഷായെ അറിയിച്ചത്. അതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ല. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും ശാന്ത കുമാർ വ്യക്തമാക്കി. ബിജെപിയുടെ യാത്ര വളരെ വലുതാണ്. നിരവധി കാര്യങ്ങൾ നേടാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്.

ഇതിൽ അണികൾ വലിയ അഭിമാനിതരും ആയിരുന്നു. എന്നാൽ നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ടായി. ഇത് പാർട്ടി അണികളെ വേദനിപ്പിച്ചുവെന്നും ശാന്തകുമാർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഹിമാചൽ പ്രദേശിലെ കൻഗ്രയിൽ നിന്നുള്ള എം.പിയാണ് ശാന്തകുമാർ. വ്യാപം കേസുമായി ബന്ധപ്പെട്ട് 40 പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചിരുന്നു. കേസ് ഇപ്പോള്‍ സിബിഐ ആണ് അന്വേഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :