കത്വ കൂട്ടബലാത്സംഗക്കേസ്: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം - മൂന്ന് പേര്‍ക്ക് 5 വര്‍ഷം തടവ്‌

 kathwa rape case , kathwa , rape case , പൊലീസ് , കത്വ , പീഡനം , ബലാത്സംഗം , പെണ്‍കുട്ടി
പത്താന്‍‌കോട്ട്| Last Modified തിങ്കള്‍, 10 ജൂണ്‍ 2019 (17:24 IST)
ജമ്മു കാശ്‌മീരിലെ കത്വയിൽ എട്ട് വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. കേസിലെ മുഖ്യപ്രതി സാഞ്ചി റാം, ഇയാളുടെ സുഹൃത്തുക്കളായ പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പത്താന്‍‌കോട്ട് പ്രത്യേക കോടതി ജഡ്ജി തേജ്‍വീന്ദർ സിംഗാണ്
ജീവപര്യന്തം തടവു വിധിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുന്നതിന് കൂട്ടുനിന്ന സുരേന്ദര്‍ വര്‍മ, തിലക് രാജ്, ആനന്ദ് ദത്ത എന്നീ പോലീസുകാര്‍ക്ക്
അഞ്ചുവര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. സ്‌പെഷല്‍ പൊലീസ് ഓഫീസറാണ് സുരേന്ദര്‍ വര്‍മ, തിലക് രാജ് ഹെഡ് കോണ്‍സ്റ്റബിളും ആനന്ദ് ദത്ത സബ് ഇന്‍സ്‌പെക്ടറുമാണ്. സാഞ്ചി റാമിന്റെ മകൻ വിശാലിനെ വെറുതെ വിട്ടു.

കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ശിക്ഷ തൃപ്തികരമല്ലെന്നും അപ്പീൽ‌ നൽ‌കുമെന്നും പ്രോസിക്യൂഷൻ‌ അറിയിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്.

സാഞ്ചി റാമിന്‍റെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസിൽ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈൽ കോടതിയിലാണ്. അതിനാൽ വിധിപ്രസ്താവം പിന്നീട് മാത്രമേ ഉണ്ടാകു.

കുറ്റകൃത്യം നടന്ന് 16 മാസത്തിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ചു. 275 തവണ ഹിയറിങ് നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. സുരക്ഷാകാരണങ്ങളാല്‍ കശ്മീരില്‍നിന്ന് മാറ്റി പഞ്ചാബിലെ പത്താന്‍‌കോട്ടെ പ്രത്യേക കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്.

ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസുകാരിയുടെ മൃതദേഹം 17-ന് കണ്ടെത്തുകയായിരുന്നു. അതി ക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു പെണ്‍കുട്ടിയെ കുറ്റവാളികള്‍ പാര്‍പ്പിച്ചിരുന്നത്. അവിടെ വെച്ച് ലഹരി മരുന്ന നല്‍കി കുട്ടിയെ നാല് ദിവസത്തോളം പ്രതികള്‍ ബലാത്സംഗം ചെയ്തെന്നാണ് കുറ്റപത്രം. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളടക്കം കേസില്‍ പ്രതികളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :