തീവ്രവാദികളെ ഇനി ഇന്ത്യയ്ക്ക് കൈമാറുകയാണ് വേണ്ടതെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2015 (15:20 IST)
ഭീകരവാദികളെ സൃഷ്ടിച്ചത് പാകിസ്ഥാനായിരുന്നു എന്ന മുന്‍ പാക് പ്രസിഡന്റ് മുഷാറഫിന്റെ പ്രസ്താവന വന്നതിനു പിന്നാലെ ശക്തമായ പ്രതികരണവുമായി ഇന്ത്യ രംഗത്ത്. കോണ്‍ഗ്രസും ബിജെപിയും ശക്തമായ ഭാഷയിലാണ് മുഷാറഫിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്. ഒടുവിൽ സത്യം പുറത്തുവന്നു എന്നും തീവ്രവാദികളെ ഇനി ഇന്ത്യയ്ക്ക് കൈമാറുകയാണ് വേണ്ടതെന്നും കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു.

ഒരു മാറ്റത്തിനുവേണ്ടിയാണ് മുഷറഫ് സത്യം പറഞ്ഞത്. ഭീകരവാദത്തിനെതിരെ പോരാടാൻ പാക്കിസ്ഥാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്നുവെങ്കിൽ ചില സമയങ്ങളിൽ അതിനെതിരെ ശബ്ദമുയർത്തുകയും വേണം. ഇന്ത്യയിൽ നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ ചെയ്ത ദാവൂദ് ഇബ്രാഹിം ഉൾപ്പെടെയുള്ള ഭീകരരെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറണമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

മുഷറഫിന്റെ വാക്കുകളിലൂടെ തീവ്രവാദത്തിന്റെ കേന്ദ്രം എന്നു പറയുന്നത് പാക്കിസ്ഥാനാണെന്ന് വ്യക്തമായതായി കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. മുഷറഫ് സ്വന്തം രാജ്യത്തിലെയും രാജ്യത്തിനു പുറത്തുള്ള ജനങ്ങളെയും ഇത്രയുംനാൾ ഒരുപോലെ വഞ്ചിക്കുകയായിരുന്നുവെന്ന് ഇന്ത്യൻ മുൻ സൈനിക മേധാവി വി.പി. മാലിക് പറഞ്ഞു.

1990കളിൽ കശ്മീരിനെ ഇന്ത്യയിൽ നിന്നു മോചിപ്പിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചിരുന്നു. അക്കാലത്ത് ലഷ്‌കറെ തോയിബയും പന്ത്രണ്ടോളം മറ്റ് സംഘടനകളും രൂപംകൊണ്ടു . അവർക്ക് പരിശീലനവും മറ്റും നല്കി പാകിസ്ഥാൻ പ്രോത്സാഹിപ്പിച്ചുവെന്നും മുഷറഫ് പറഞ്ഞിരുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരായ സയ്ദിനെയും ലഖ്‌വിയെയും സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഷറഫ്. അക്കാലത്ത് കശ്മീർ സ്വതന്ത്രസമര പോരാളികൾ എന്ന നിലയിൽ അവർക്ക് താര പരിവേഷമാണ് ലഭിച്ചിരുന്നത്. എന്നാൽ മതതീവ്രവാദം പിന്നീട് ഭീകരതയായി മാറിയെന്നും മുഷറഫ് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :