നമുക്ക് ആദ്യം വികസിക്കാം, പിന്നെ മറ്റുള്ളവര്‍ക്ക് പാഠങ്ങള്‍ നല്‍കാം: വെങ്കയ്യ നായിഡു

വെങ്കയ്യ നായിഡു, നദീസംയോജനം, കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി| vishnu| Last Updated: ബുധന്‍, 14 ജനുവരി 2015 (09:16 IST)
കേന്ദ്രസര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ നദീസംയോജനം എന്തു വിലകൊടുത്തും പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രനഗരവികസനമന്ത്രി എം വെങ്കയ്യ നായിഡു പ്രഖ്യാപിച്ചു. 'ഇന്ത്യ ജലവാര'വുമായി ബന്ധപ്പെട്ട ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്തുവന്നാലും നദീസംയോജനവുമായി മുന്നോട്ടുപോകും, അതിന് എന്തെങ്കിലും തടസ്സമുണ്ടായാല്‍ അത് നേരിടുകതന്നെ ചെയ്യും- മന്ത്രി പറഞ്ഞു.

'ചില പരിസ്ഥിതി സുഹൃത്തുക്കള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ജനാധിപത്യത്തില്‍ ശബ്ദങ്ങളുണ്ടാവും. അതവിടെക്കിടക്കും. അവയ്ക്ക് ഉത്തരങ്ങളുമുണ്ടാകും. എന്തുവന്നാലും നദീസംയോജനം മുന്‍ഗണനാവിഷയമായി ഞങ്ങള്‍ പരിഗണിക്കാന്‍ പോവുകയാണ്.''നദീസംയോജനം ജനമുന്നേറ്റമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട് എന്നും നായിഡു വ്യക്തമാക്കി.

ജലജീവികള്‍ക്ക് ഭീഷണിയാണെന്നും ജലശാസ്ത്രപരവും പരിസ്ഥിതിശാസ്ത്രപരവുമായി ഒരടിസ്ഥാനവുമില്ലാത്ത പദ്ധതിയാണെന്നും പറഞ്ഞ് പരിസ്ഥിതിവാദികള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട് എന്നാല്‍ വികസിതരാജ്യങ്ങള്‍ക്ക് നമുക്ക് പല പാഠങ്ങളും ഉപദേശങ്ങളും നല്‍കുന്നുണ്ടെന്നും അതിനാല്‍ നമുക്ക് ആദ്യം വികസിക്കാം, പിന്നെ മറ്റുള്ളവര്‍ക്ക് പാഠങ്ങള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ജലശേഖരണസംവിധാനം നിര്‍ബന്ധമാക്കും. വീടുകളിലും കൃഷിയിടങ്ങളിലും ഇത് സജ്ജീകരിക്കണമെന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് നായിഡു പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :