ഡെറാഡൂണ്|
സജിത്ത്|
Last Modified വ്യാഴം, 28 ജൂലൈ 2016 (11:28 IST)
ഭഗവാന്‍ ഹനുമാന് പോലും തിരിച്ചറിയാന്‍ കഴിയാതെ പോയ മൃതസഞ്ജീവനി എന്ന അത്ഭുതസസ്യം കണ്ടെത്തുക എന്ന വെല്ലുവിളി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഉത്തരാഖണ്ഡ് ആയുഷ് വകുപ്പിന് കീഴിലുള്ള ആയൂര്‍വേദ വിദഗ്ദ്ധരുടെ ഒരു സംഘമാണ് മൃതസഞ്ജീവനി കണ്ടെത്താനായി രംഗത്തെത്തിയിരിക്കുന്നത്.
ആഗോളതലത്തിലെ ആയുര്‍വേദ വിപണിക്ക് വന്‍ ഡിമാന്‍ഡാണെന്നും അതുകൊണ്ട് തന്നെ അസാമാന്യ ഔഷധഗുണങ്ങളുള്ള മൃതസഞ്ജീവനി തിരിച്ചറിയാനായുള്ള ശ്രമങ്ങള്‍ തങ്ങള്‍ ആരംഭിച്ചെന്നും ഉത്തരാഖണ്ഡ് ആയൂഷ്‌വകുപ്പ് മന്ത്രി സുരേന്ദ്രസിംഗ് നേഗി വ്യക്തമാക്കി.
നാല് ആയുര്‍വേദ വിദഗ്ദ്ധര്‍ അടങ്ങിയ സംഘമാണ് ആഗസ്റ്റ് മുതല്‍ മൃതസഞ്ജീവനി തേടിയിറങ്ങുന്നത്. ഡെറാഢൂണില്‍ നിന്നും 400 കി മീ അകലെയുള്ള ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ദ്രോണഗിരി മലനിരകളിലാണ് ഈ സസ്യം വളരുന്നതെന്നാണ് പുരാണങ്ങളില്‍ പറയുന്നത്.
ചമോലി ജില്ലയിലെ ഈ ദ്രോണഗിരി മലനിരകള്‍ ഇന്നും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ നാല് സഞ്ജീവനി സസ്യങ്ങളുണ്ടെന്നും അതില്‍ ഏറ്റവും ഔഷധഗുണമുള്ളതാണ് മൃതസഞ്ജീവനിയെന്നും പറയപ്പെടുന്നു. അതേസമയം പദ്ധതിക്ക് ധനസഹായം നല്‍കണമെന്ന സംസ്ഥാന ആയുഷ് വകുപ്പിന്റെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാര്‍ തള്ളുകയും ചെയ്തു.