അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 9 ജൂണ്‍ 2020 (15:57 IST)
കൊവിഡിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സ്കൂളുകളിൽ ഈ അക്കാദമിക് വർഷം അധ്യയന മണിക്കൂറുകളും സിലബസ്സും വെട്ടികുറയ്ക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്‌റിയാൽ. ഇക്കാര്യത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ രക്ഷകർത്താക്കൾ,അക്കാദമിക് വിദഗ്‌ധർ എന്നിവരോട് മന്ത്രി ആവശ്യപ്പെട്ടു.അഭിപ്രായങ്ങൾ മാനവശേഷി മന്ത്രാലയത്തിന്റെയോ മന്ത്രിയുടേയോ സമൂഹമാധ്യമ പേജുകളിലൂടെ അറിയിക്കാം.
സ്കൂൾ അധ്യയന ദിനങ്ങൾ 220 ദിവസത്തില്‍ നിന്ന് 100 ആയി വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശമാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മുന്നിലുള്ളത്.1320 മണിക്കൂര്‍ സ്‌കൂളുകളില്‍ തന്നെ അധ്യയനം നടക്കണം എന്ന വ്യവസ്ഥയിലും കേന്ദ്ര സര്‍ക്കാര്‍ മാറ്റം കൊണ്ടുവരും. സിലബസ് 30-50 ശതമാനം വരെ വെട്ടിക്കുറയ്‌ക്കാനും ആലോചനയുണ്ട്.എന്നാല്‍ ഇക്കാര്യത്തില്‍ വിദഗ്ദ്ധരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.
കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ ഓഗസ്റ്റ് 15ന് ശേഷമെ തുറക്കുകയുള്ളുവെന്ന് നേരത്തെ രമേശ് പൊഖ്‌റിയാൽ ഇന്നലെ അഭിപ്രായപ്പെട്ടു.