തൊഴിലില്ലായ്മയ്ക്ക് കാരണം സ്ത്രീകള്‍ പണിയെടുക്കുന്നതുകൊണ്ടെന്ന് ഛത്തീസ്ഗഡിലെ പാഠപുസ്തകം

റാഞ്ചി| VISHNU N L| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (11:06 IST)
സ്ത്രീകൾ ജോലിചെയ്യാൻ തുടങ്ങിയതാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്ന് ഛത്തിസ്ഗഡിലെ പത്താം ക്ലാസ് പാഠപുസ്തകം.ഛത്തീസ്ഗഡ് ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ ജംഷഡ്പുരിലെ ഒരു അധ്യാപിക വനിതാ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കമ്മീഷന്‍ ഇക്കാര്യം മുഖ്യമന്ത്രി രമണ്‍സിങിന്റെ ശ്രദ്ധയില്‍പെടുത്തി.

സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം സ്ത്രീകള്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതോടെ തൊഴിലില്ലായ്മയും വര്‍ദ്ധിച്ചുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. സംഭവം ഇതിഒനോടകം തന്നെ വിവാദമായിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീ – പുരുഷ സമത്വത്തെക്കുറിച്ചും വർധിച്ച രീതിയിൽ സംസാരിക്കുന്ന ഇക്കാലത്താണ് ഛത്തീസ്ഗഡ് പാഠപുസ്തകത്തിലെ ഈ പിന്തിരിപ്പന്‍ പരാമര്‍ശം വിവാദമായത്.

ഉത്തരേന്ത്യയിലെ പാഠപുസ്തകങ്ങളില്‍ അബദ്ധങ്ങള്‍ കടന്നുകൂടുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞവര്‍ഷം ഖുദിറാം ബോസും ജതീന്ദ്രനാഥ് മുഖര്‍ജിയുമടക്കമുള്ള സ്വാതന്ത്യസമര സേനാനികളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച പശ്ചിമബംഗാളിലെ എട്ടാം തരം പുസ്തകം വിവാദമായിരുന്നു. അരുണാചല്‍പ്രദേശ് ഇല്ലാത്ത ഇന്ത്യാ മാപ്പ് പ്രസിദ്ധീകരിച്ച ഭൂമിശാസ്ത്രപാഠപുസ്തകം മഹാരാഷ്ട്രയില്‍ പിന്‍വലിച്ചത് 2013ലാണ്. 2012ല്‍ മാംസാഹാരം കഴിക്കുന്നവര്‍ കള്ളം പറയുന്നവരും ചതിയും ക്രൂരകൃത്യങ്ങളും ചെയ്യുന്നവരാവുമെന്ന പരാമര്‍ശം വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :