വന്‍ കുഴല്‍പ്പണവേട്ട: മൂന്നുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ| Last Modified വെള്ളി, 6 നവം‌ബര്‍ 2015 (11:19 IST)
മൂന്നു കോടിയിലേറെ രൂപയുടെ കുഴല്‍പ്പണവുമായി മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശേരി പുന്നൂര്‍ കോളിക്കല്‍ സ്വദേശി ജോയത്ത് വീട്ടില്‍ ഹാറൂണ്‍ നഹാര്‍ (25), കിഴിശ്ശേരി കടുങ്ങപുരം പുളിയക്കോട് സ്വദേശി കള്ളിവളപ്പില്‍ വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍ (38), കിഴിശ്ശേരി കടുങ്ങപുരം പുളിയക്കോട് സ്വദേശി വാലാപുറത്ത് വീട്ടില്‍ മുഹമ്മദ് (37) എന്നിവരെയാണ് അങ്ങാടിപ്പുറത്തു വച്ച് അറസ്റ്റ് ചെയ്തത്.

തെരഞ്ഞെടുപ്പ് ദിവസം പൊലീസ് അതുമായി തിരക്കിലാവും എന്നു കണ്ടാണ് ഇവര്‍ ഈ ദിവസം തന്നെ ഹവാല പണവുമായി ഇറങ്ങിയതെന്ന് കരുതുന്നു. തമിഴ്നാട്, കര്‍ണ്ണാടക എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്വര്‍ണ്ണവും ഹവാല പണവും മലബാറിലേക്ക് കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് ഇവരെ കുടുക്കിയത്. ഉച്ചയോടെ തമിഴ്നാട് രജിസ്‍ട്രേഷനുള്ള സ്കോഡ കാറില്‍ ചെന്നൈയില്‍ നിന്നാണ് ഇവര്‍ എത്തിയതെന്ന് പൊലീസ് അറിയിച്ചു.

രണ്ട് മാസം മുമ്പ് 2.89 കോടി രൂപയും 13 കിലോ സ്വര്‍ണ്ണവുമായി ഒരു ഹവാല സംഘത്തെ പെരിന്തല്‍മണ്ണയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും തെരഞ്ഞെടുപ്പ് ദിവസം കുഴല്‍പ്പണവുമായി ചിലര്‍ എത്തുമെന്ന് സൂചന ലഭിച്ചിരുന്നു.

ഡി.വൈ.എസ്.പി പി.എം പ്രദീപ്, സി.ഐ കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹവാല സംഘവുമായി ബന്ധപ്പെട്ട ഏജന്‍റുമാര്‍, ബിനാമികള്‍ എന്നിവരെ കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :