രാജ്യത്ത് 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ഇന്നുമുതല്‍

ശ്രീനു എസ്| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (08:34 IST)
രാജ്യത്ത് 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും. അതേസമയം സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനെടുക്കാന്‍ എത്തുന്നതാണ് നല്ലത്. 45 വയസ് കഴിഞ്ഞവര്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. www.cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാവുന്നതാണ്.

45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വാക്സിനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :