മുംബൈ|
Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (10:37 IST)
മുംബൈയിലെ ഉറാന്‍ നാവികസേനാ ആസ്ഥാനത്തിനു സമീപം കണ്ട തോക്കുധാരിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. അതേസമയം, മുംബൈയിലെങ്ങും കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
നാവികസേനാ ആസ്ഥാനത്തിന് സമീപം ചിലരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരദേശ മേഖലയില്‍ ഉള്‍പ്പെടെ ജാഗ്രതാനിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
പത്താന്‍ സ്യൂട്ട് ധരിച്ച അഞ്ചോ ആറോ പേരടങ്ങുന്ന തോക്കുധാരികളായ സംഘത്തെ കണ്ടുവെന്ന് ഉറാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ വിദ്യാലയ അധികൃതരെ അറിയിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ ഇക്കാര്യം പൊലീസിനു കൈമാറുകയും പൊലീസ് തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, വ്യാപക തെരച്ചിലിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ദിവസങ്ങള്‍ക്കു മുമ്പ് കശ്മീരിലെ ഉറി സൈനിക ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്.