സച്ചിന്‍ വിരമിച്ചത് ബിസിസിഐയുടെ സമ്മര്‍ദ്ദത്തിലോ? വീണ്ടും വിവാദകൊടുങ്കാറ്റ്; എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് മുഖ്യ സെലക്ടര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കല്‍ സംബന്ധിച്ച നിഗൂഢത ഇനിയും അവസാനിക്കുന്നില്ല.

mumbai, sandeep patil, sachin tendulkar, bcci മുംബൈ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സന്ദീപ് പാട്ടീല്‍, ബി സി സി ഐ
മുംബൈ| സജിത്ത്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (12:50 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കല്‍ സംബന്ധിച്ച നിഗൂഢത ഇനിയും അവസാനിക്കുന്നില്ല. സച്ചിന്റെ വിരമിക്കലിനു കാരണം ബിസിസിഐയുടെ സമ്മര്‍ദ്ദമാണെന്ന വാദത്തിന് ആക്കം കൂട്ടിയാണ് ഇപ്പോള്‍ സന്ദീപ് പാട്ടീല്‍ രംഗത്തെത്തിയിരിക്കുന്നത്‍. ന്യൂസിലന്റിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച ശേഷമുള്ള വാര്‍ത്താ സമ്മേളനമാണ് ഈ വിവാദത്തിന് ഇപ്പോള്‍ വീണ്ടും തിരി കൊളുത്തിയിരിക്കുന്നത്.

മോശം ഫോം കാരണം ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ സച്ചിനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യം വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി തലവന്‍ കൂടിയായ സന്ദീപ് പാട്ടില്‍ വിസമ്മതിച്ചു. സെലക്ടര്‍മാരും ബിസിസിഐയും തമ്മില്‍ ചര്‍ച്ച ചെയ്യുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ചില സുഹൃത്തുക്കളെ നഷ്ടപ്പെട്ടതാണ് സെലക്ടര്‍ എന്ന നിലയില്‍ തന്റെ ഏക ദുഖമെന്നും പാട്ടീല്‍ പറഞ്ഞു.

2013 ല്‍ വെസ്റ്റിന്‍ഡീസിനെതിരേയുള്ള മത്സരത്തിലാണ് സച്ചിന്‍ വിരമിച്ചത്. നവംബര്‍ പതിനാലിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. പരമ്പരയിലെ രണ്ടാം ടെസ്റ്റിലും തന്റെ അവസാന ടെസ്റ്റിലും സച്ചിന്‍ 74 റണ്‍സ് എടുത്തിരുന്നു. ആ മത്സരം ഇന്ത്യ ഒരു ഇന്നിങ്ങ്സിനും 126 റണ്‍സിനും ജയിക്കുകയും ചെയ്തു. 2011 ജനുവരി മുതല്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ സച്ചിനു കഴിഞ്ഞിരുന്നില്ല. അവസാന 20 ഇന്നിംഗ്‌സുകളില്‍ മൂന്ന് അര്‍ധസെഞ്ച്വറികള്‍ മാത്രമാണ് സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നിരുന്നത്.

2012 ല്‍ മൊഹീന്ദര്‍ അമര്‍നാഥിന്റെ പകരക്കാരനായി സെലക്ടറായി എത്തിയ സന്ദീപ് പാട്ടീലിന്റെ കാലാവധി ഈ മാസം അവസാനിക്കുകയാണ്. സന്ദീപ് മുഖ്യ സെലക്ടര്‍ ആയിരിക്കുന്ന വേളയിലായിരുന്നു ഇന്ത്യ ടെസ്റ്റില്‍ ഒന്നാം റാങ്കിലെത്തിയിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മുന്നില്‍ കണ്ട് ചില വിഷമകരമായ തീരുമാനങ്ങള്‍ തനിക്ക് എടുക്കേണ്ടി വന്നു. എങ്കിലും മൂന്ന് ഫോര്‍മാറ്റിലും ടീം മികച്ച പ്രകടനം തുടരുന്നതില്‍ വളരെയേറെ സന്തോഷവാനാണ് താനെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :