ന്യൂഡല്‍ഹി|
BIJU|
Last Updated:
ബുധന്‍, 3 ജനുവരി 2018 (19:27 IST)
ഹിന്ദി ഭാഷയെ യു എന്നിന്‍റെ ഔദ്യോഗിക ഭാഷയാക്കാനായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. അതിനായി 40 കോടി രൂപ വകയിരുത്തണമെന്ന് ഒരു ബി ജെ പി എംപി ആവശ്യപ്പെട്ടപ്പോഴാണ് 400 കോടി ചെലവിടാനും തയ്യാറാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് ശശി തരൂര്‍ രംഗത്തെത്തിയതോടെ സഭ ബഹളമയമായി.
ഹിന്ദി യു എന്‍ ഔദ്യോഗിക ഭാഷയാക്കാനുള്ള നടപടിക്രമങ്ങള്‍ ചെലവേറിയാതാണെന്നിരിക്കെ ഇത്തരമൊരു തീരുമാനമെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ശശി തരൂര്‍ വിശദീകരിച്ചു. ഇപ്പോഴത്തെ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഹിന്ദി അറിയാമെങ്കിലും ഭാവിയിലെ നേതാക്കള്‍ ഹിന്ദി സംസാരിക്കണമെന്നില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.
ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയാണ്. ദേശീയ ഭാഷയല്ല. യു എന്നില്‍ ഹിന്ദിയുടെ പരിഭാഷയ്ക്കായി പണം ചെലവാക്കുന്നത് മറ്റ് രാജ്യങ്ങള്‍ക്ക് ബോധ്യപ്പെടില്ലെന്നും തരൂര്‍ വ്യക്തമാക്കി.
എന്നാല്‍ ഇന്ത്യക്ക് പുറത്തും ഹിന്ദി സംസാരിക്കുന്നവരുണ്ടെന്നും ഇന്ത്യക്കാര്‍ മാത്രമേ ഹിന്ദി സംസാരിക്കൂ എന്ന വാദം ശശി തരൂര്‍ ഉന്നയിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
യു എന്നില്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. എന്നാല്‍ ഇതിന് മൂന്നില്‍ രണ്ട് അംഗരാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. പണച്ചെലവേറിയതുമാണ് ഈ നടപടി.