സുനന്ദ പുഷ്കര്‍ മരണം; പിന്തുണയില്ല , തരൂരിനെ കോണ്‍ഗ്രസ് കൈവിട്ടു

ന്യൂഡല്‍ഹി| vishnu| Last Updated: തിങ്കള്‍, 12 ജനുവരി 2015 (11:19 IST)
സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസ് വ്യ്ക്തമാക്കിയതോടെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂര്‍ എം‌പിയെ കൈവിട്ടതായി സൂചന. വിഷയത്തില്‍ കോണ്‍ഗ്രസ് പിന്തുണ തേടി തരൂര്‍ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യപിന്തുണ നല്‍കുന്നത് ശരിയായ നടപടിയല്ലെന്ന അഭിപ്രായമാണ് അഹമ്മദ്പട്ടേല്‍ പ്രകടിപ്പിച്ചത്. നിലവിലെ പ്രതികൂല സാഹചര്യം തരൂര്‍ സ്വയം പ്രതിരോധിക്കണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു.

സുനന്ദപുഷ്കറിന്റെ മരണത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണം ഏകപക്ഷീയമാണെന്നും, രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും ഇന്നലെ അഹമ്മദ് പട്ടേലിനെ തരൂര്‍ അറിയിച്ചതാണ്. എന്നാല്‍ സുനന്ദയുടെ മരണവും അതേകുറിച്ചുള്ള പൊലീസ് അന്വേഷണവും ശശി തരൂരിന്റെ വ്യക്തിപരമായ കാര്യമാണെന്ന് ഇന്നലെ കോണ്‍ഗ്രസ് വക്താവ് പിസി ചാക്കോയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം തരൂരിനെ കൈവിടുമെന്ന് സൂചനകള്‍ പുറത്തുവന്നത്.

അതേസമയം ഡല്‍ഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ തരൂരിനെ പരസ്യമായി പിന്തുണയ്ക്കുന്നത് ആത്മഹത്യാപരമാണെന്ന് നിലപടാണ്കോണ്‍ഗ്രസിനുള്ളത്. അതിനാലാണ് തരൂരിനെ തള്ളാന്‍ തീരുമാനിച്ചതെന്നാണ് സൂചനകള്‍. ഈ ആഴ്ച തന്നെ തരൂരിനെ പൊലീസ് ചോദ്യം ചെയ്തേക്കും എന്ന സൂചനയും ലഭിക്കുന്നു. ചോദ്യം ചെയ്യലിനായി തരൂരിന് നല്‍കേണ്ട നോട്ടീസ് തയ്യാറാക്കുന്നുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വം കൈവിട്ടതോടെ പൊലീസ് ചോദ്യം ചെയ്യുന്നതിനുമുമ്പ് നിയമ വശങ്ങള്‍ തരൂര്‍ പരിശോധിക്കുന്നുണ്ട്. ഇതിനായി ഡല്‍ഹിയിലുള്ള നിയമ വിദഗ്ദരുമായി തരൂര്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. ഈ മാസം 14ന് അന്വേഷണ പുരോഗതി സംബന്ധിച്ച് പത്രസമ്മേളനം നടത്തുമെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ അതിനു മുമ്പെ തരൂരിനെ ചോദ്യം ചെയ്തേക്കാം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :