വിമാനത്തില്‍ സോനു നിഗമിന്റെ ഗാനമേള; എയർ ഹോസ്‌റ്റസുമാര്‍ക്ക് എട്ടിന്റെ പണി

സോനു നിഗം , ജെറ്റ് എയർവേയ്‌സ് , സോനു നിഗമിന്റെ ഗാനമേള , സോഷ്യൽ മീഡിയ
ന്യൂഡൽഹി| jibin| Last Updated: വെള്ളി, 5 ഫെബ്രുവരി 2016 (14:45 IST)
ജെറ്റ് എയർവേയ്‌സ് വിമാനത്തിലെ അനൗൺസ്മെന്റ് മൈക്കിലൂടെ ഗാനമേള നടത്താന്‍ അനുവാദം നല്‍കിയതിന് അഞ്ച് എയർ ഹോസ്‌റ്റസുമാരെ ജെറ്റ് പുറത്താക്കി. വിമാനത്തില്‍ നിയമവിരുദ്ധമായി സെൽഫോൺ ഉപയോഗിച്ച് ദൃശ്യങ്ങള്‍ എടുക്കാന്‍ അനുവദിച്ചുവെന്നും ഉത്തരവാദിത്വം മറന്ന് ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്നുമാണ് എയർ ഹോസ്‌റ്റസുമാര്‍ക്കെതിരെയുള്ള പരാതി.

ജനുവരി നാലിന് ജോധ്പൂരിൽ നിന്ന് മുംബയിലേയ്ക്കുള്ള ചാർട്ടേഡ് വിമാനത്തിലായിരുന്നു സോനു നിഗമിന്റെ ഗാനമേളയും യാത്രക്കാരുടെ കൂടെ പാടലും. യാത്രക്കാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സോനു വിമാനത്തിലെ അനൗൺസ്മെന്റ് മൈക്കിലൂടെ രണ്ട് പാട്ടുകൾ പാടുകയായിരുന്നു. മറ്റ് യാത്രക്കാരും കൂടെ പാടിയപ്പോൾ സംഭവം കൂടുതല്‍ ചൂടുപിടിച്ചു. ഇതില്‍ ചിലര്‍ സെൽഫോൺ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യൽ മീഡിയയിൽ ഇടുകയും സംഭവം വൈറലാകുകയും ചെയ്‌തതോടെയാണ് എയർ ഹോസ്‌റ്റസുമാരെ ജെറ്റ് എയര്‍വേയ്‌സ് പുറത്താക്കിയത്.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ ജെറ്റ് എയർവേയ്‌സിന് ഡിജിസിഎ നിർദ്ദേശം നൽകി. ലൈസൻസ് റദ്ദാക്കാതിരിയ്ക്കാൻ കമ്പനിയ്ക്ക് കാരണം കാണിയ്ക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. വിമാനത്തിലെ മുഴുവൻ ജീവനക്കാർക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്ക് തിരുത്തൽ പരിശീലനം നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :