സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികനെ മഞ്ഞുപളികള്‍ക്കിടയില്‍ നിന്ന് ജീവനോടെ കണ്ടെടുത്തു

സിയാച്ചിന്‍| JOYS JOY| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (08:23 IST)
ജമ്മു കശ്‌മീരിലെ സിയാച്ചിന്‍ മലനിരകളില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. പത്തൊമ്പതാം ബറ്റാലിയന്‍ മദ്രാസ് റെജിമെന്റിലെ കര്‍ണാടക സ്വദേശിയായ ലാന്‍സ് നായിക് ഹനമന്‍ ഥാപ്പയെയാണ് ജീവനോടെ കണ്ടെടുത്തത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി മൂന്നിനായിരുന്നു മഞ്ഞിടിച്ചിലില്‍ പത്തു സൈനികരെ കാണാതായത്. കഴിഞ്ഞ അഞ്ചുദിവസമായി ഇവര്‍ക്കായുള്ള തിരച്ചിലിലായിരുന്നു സൈന്യം. തിരച്ചിലിനൊടുവിലാണ് 25 അടി താഴ്ചയില്‍ നിന്ന് ഒരാളെ ജീവനോടെയും ബാക്കി നാലുപേരെ മരിച്ച നിലയിലും കണ്ടെടുത്തത്. മരിച്ച നാലു പേരെയും തിരിച്ചറിഞ്ഞു.

അതേസമയം, ഇനിയും അഞ്ചു സൈനികരെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇവര്‍ അഞ്ചുപേരും മരിച്ചിരിക്കാമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
മൈനസ് 42 ഡിഗ്രിക്കും മൈനസ് 25 ഡിഗ്രിക്കും ഇടയിലാണ് അപകടം നടന്ന സ്ഥലത്തെ താപനില.

മലയാളിയായ ലാന്‍സ് നായിക് സുബീഷിനെയും മഞ്ഞിടിച്ചിലില്‍ കാണാതായിരുന്നു. കൊല്ലം മണ്‍റോ തുരുത്ത് സ്വദേശിയാണ് ഇദ്ദേഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :