രാമസേതു പൊളിക്കില്ല, സേതുസമുദ്രത്തില്‍ ബദല്‍ വഴി

സേതു സമുദ്രം പദ്ധതി, രാമസേതു, ഇന്ത്യ, ശ്രീലങ്ക
ചെന്നൈ| VISHNU.NL| Last Modified ബുധന്‍, 5 നവം‌ബര്‍ 2014 (15:29 IST)
സേതു സമുദ്രം പദ്ധതിക്കായി രാമസേതു പൊളിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. രാമസേതുവിന് കോട്ടം തട്ടാത്ത രീതിയില്‍ മറ്റൊരു വഴിയിലൂടെ നിര്‍ദ്ദിഷ്ട സേതു സമുദ്രം പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച തൂത്തുക്കുടിയില്‍ നിര്‍ദിഷ്ട സേതുസമുദ്രം പദ്ധതി പ്രദേശത്തിനു മീതെ തീരദേശസേനയുടെ വിമാനത്തില്‍ നിരീക്ഷണ പറക്കല്‍ നടത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു ഗഡ്കരി.

തമിഴ്നാട്ടീലെ മുന്‍ ഡിഎംകെ സര്‍ക്കാറാണ് സേതുസമുദ്രം പദ്ധതി നടപ്പാക്കുന്നതിന് മുന്നോട്ടുവന്നത്. 4,500 കോടി ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നതിനിടയിലാണ് രാമര്‍പാലം പൊളിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും എ ഐ എ ഡി എം കെ യും രംഗത്തുവന്നത്. പദ്ധതി സാമ്പത്തികമായും പാരിസ്ഥിതികമായും പ്രതികൂലമാവുമെന്ന വാദമുയര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി.

തുടര്‍ന്ന് പദ്ധതി മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയായിരുന്നു. പദ്ധതിക്കുവേണ്ടി ഇതുവരെയായി ആഴംകൂട്ടിയ ഭാഗം ഉപയോഗപ്പെടുത്തി മുന്നോട്ടു പോവാനാവുമെന്നാണ് കരുതുന്നതെന്ന് ഗഡ്കരി പറഞ്ഞു. ഡിഎംകെ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായിരുന്നു ഇത്. 829 കോടി രൂപ ഇതിനകം സേതുസമുദ്രം പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ദക്ഷിണമേഖലയില്‍ നിന്ന് കൊളംബോയിലേക്ക് ദൂരം കുറഞ്ഞ കപ്പല്‍ചാല്‍ നിര്‍മിക്കുക എന്നതായിരുന്നു സേതുസമുദ്രം പദ്ധതിയുറ്റെ ലക്ഷ്യം. പരിസ്ഥിതി പ്രശ്‌നം മുന്‍നിര്‍ത്തി നിലവിലുള്ള സേതുസമുദ്രം പദ്ധതി വേണ്ടെന്നുവെക്കണമെന്ന് നേരത്തെ പച്ചൗരി സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പദ്ധതി മറ്റൊരു വഴിയിലൂടെ നടപ്പിലാക്കാന്‍ മുന്‍ യുപി‌എ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ വഴിയിലാണ് നിലവിലെ എന്‍ഡി‌എ സര്‍ക്കാരും നീങ്ങുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :