അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 ഡിസംബര്‍ 2021 (13:12 IST)
വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ബജ് റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്‌കൂള്‍ ആക്രമിച്ചു. വിദിശ ജില്ലയിലെ ഗഞ്ച് ബസോഡ നഗരത്തിലുള്ള സെന്റ് ജോസഫ് സ്കൂളിന് നേരെയാണ് അക്രമണമുണ്ടായത്. നൂറ് കണക്കിന് ആളുകൾ ചേർന്ന് സ്കൂളിന് നേരെ അക്രമണം അഴിച്ചുവിടുകയായിരുന്നു.
12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ കണക്ക് പരീക്ഷ നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളെ മതപരിവര്‍ത്തിന് വിധേയരാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അക്രമണം. സ്കൂളിലെ 8 കുട്ടികളെ മാനേജ്‌മെന്റ് മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അക്രമണമുണ്ടായത്.
നൂറോളം വരുന്ന സംഘം അക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ഥികളും ജീവനക്കാരും തലനാരിഴയ്ക്കാണ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. സ്കൂളിലെ ജനൽചില്ലുകൾ അക്രമണത്തിൽ തകർന്നു.