സൽമാൻ ഖാന്‍ പ്രതിയായ വാഹനാപകടക്കേസിന്റെ രേഖകള്‍ നഷ്ടപ്പെട്ടു

മുംബൈ| VISHNU N L| Last Modified വ്യാഴം, 28 മെയ് 2015 (15:45 IST)
ബോളിവുഡ് താരം സൽമാൻ ഖാൻ പ്രതിയായ 2002ലെ വാഹാനാപകട കേസിലെ നിർണായകമായ പല വിവരങ്ങളും മഹാരാഷ്ട്ര സർക്കാരിന്റെ കൈയില്‍
നിന്ന് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. 2012 ജൂൺ 21നുണ്ടായ തീപിടുത്തത്തിൽ ഇവ നശിച്ചു പോയെന്ന വിവരമാണ് വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ ആരാഞ്ഞ ആള്‍ക്ക് ലഭിച്ചത്. മൺസൂർ ധർവേശ് എന്നയാളാണ് കേസ് സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞ് മഹാരാഷ്ട്ര നിയമ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചത്.

ആരൊക്കയാണ് കേസിൽ സർക്കാരിനു വേണ്ടി ഹാജരായത്, ലീഗൽ അഡ്വൈസർമാർ ആരൊക്കെയായിരുന്നു, പബ്ലിക് പ്രോസിക്യൂട്ടർമാർ ആരൊക്കെയായിരുന്നു 2002 മുതൽ 2015 മേയ് വരെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടായ ചെലവ് എന്നീ കാര്യങ്ങൾ ആരാഞ്ഞുകൊണ്ടാണ് മൺസൂർ നിയമ മന്ത്രാലയത്തിന് കത്ത നൽകിയത്. എന്നാൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രദീപ് ഗാരത്തിനെ ഒരു വിസ്താരത്തിന് 6,000 രൂപ ചെലവിലാണ് നിയമിച്ചതെന്ന ഒറ്റ കാര്യം മാത്രമാണ് അറിയാൻ കഴിഞ്ഞത്.

ബാക്കി രേഖകള്‍ 2012 ജൂൺ 21ന് സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തില്‍ നശിച്ചതായാണ് മറുപടി നല്‍കിയിരിക്കുന്നത്.
2002 സെപ്റ്റംബർ 28നാണ് സൽമാ‍ൻ ഓടിച്ചിരുന്ന കാർ ഇടിച്ചുകയറി വഴിയരികിൽ ഉറങ്ങിക്കിടക്കുകയായിരുന്നയാൾ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ മേയ് ആറിനാണ് മുംബൈയിലെ സെഷൻ കോടതി സൽമാൻ ഖാനെ കേസിൽ അഞ്ചു വർഷം തടവിനു ശിക്ഷിച്ചത്. അന്നു തന്നെ ബോംബേ ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് റദ്ദാക്കി സൽമാന് ജാമ്യവും അനുവദിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :